സ്വന്തം ലേഖകന്‍: സ്കോട്ലന്ഡില് മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു. സ്കോട്ലന്ഡില് മരിച്ച ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുകയാണ്. അന്വേഷണ ചുമതലയുള്ള സ്കോട്ലന്ഡ് സിഐഡി വിഭാഗം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഫിസ്റ്റല്‍ ഓഫിസര്‍ക്കു കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഫിസ്റ്റല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. മൃതദേഹം വിട്ടുതരുന്നതിന് അനുമതി നല്‍കേണ്ട പ്രൊക്യുറേറ്റര്‍ സിസ്കല് പദവിയുള്ള ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച് ഒന്നും പറയാന്‍ തയാറാകുന്നില്ലെന്ന് എഡിന്‍ബറോയിലുള്ള ഫാ. ടെബിന്‍ സിഎംഐ പറഞ്ഞു. ഫാ. മാര്‍ട്ടിന്റെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കു ബന്ധുക്കളും സിഎംഐ സഭയും ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തുവാന്‍ സാധിക്കൂ എന്നാണു നാട്ടിലുള്ള ബന്ധുക്കളെ ഫാ. ടെബിന്‍ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന്റെയും മരണകാരണത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയതായി സൂചനയുണ്ട്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഫാ. ടിബിന്‍ സിഎംഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. മാര്‍ട്ടിന്റെ മൃതദേഹം അദ്ദേഹം നേരത്തേ രണ്ടു തവണ കണ്ടിരുന്നു.
സി.എം.ഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറ. ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാര്ട്ടിന് എട്ടുമാസം മുമ്പ് ഒക്ടോബര്‍ മാസത്തിലാണ് ഉപരിപഠനാര്‍ഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലന്‍ഡിലെ എഡിന്ബറോയില് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല