സ്വന്തം ലേഖകന്‍: കൈയ്യില്ലാ ബനിയനും മുണ്ടും ക്ലീന്‍ ഷേവും കള്ളച്ചിരിയുമായി മോഹന്‍ലാല്‍, ‘ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്ററില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് മലയാളത്തിന്റെ പ്രിയതാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാലിന്റെ വേഷം. ആരെയും മയക്കുന്ന കള്ള ചിരിയാണ് മറ്റൊരു പ്രത്യേകത.
കൈയില്‍ മുറുക്കാനെന്ന വണ്ണം വെറ്റിലയും കാണാം. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ലാല്‍ ഇത് പോസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒടിയന്റെ പോസ്റ്ററോ മോഷന്‍ പോസ്റ്ററോ പുറത്തിറങ്ങുമെന്ന് കാണിച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു. അതോടെ പ്രേക്ഷകര്‍ ആകാംഷയിലായി. തുടര്‍ന്ന് പോസ്റ്റ് ചെയ്ത് മോഷന്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
വിഎ ശ്രീകുമാര്‍ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ നിലവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഒടിയന്‍. പോസ്റ്റര്‍ ഇതിനോടകം 16 ലക്ഷം ആളുകളാണ് കണ്ടത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനു ലഭിച്ച വന്‍ സ്വീകരണം അടുത്ത കാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്തതാണ്. മലയാള സിനിമാ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും ഈ ചിത്രമെന്നാണ് ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്.
മീശ വയ്ക്കാതെ, മെലിഞ്ഞ, യൗവനരൂപത്തിലാണ് മോഹന്‍ലാല്‍ മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകര്‍ക്കു വലിയ പ്രതീക്ഷ പകരുന്നതാണ് ലാലിന്റെ ഈ വ്യത്യസ്തരൂപം.പല പ്രായങ്ങളിലൂടെ, വേഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഒടിയന്‍ എന്ന സിനിമയിലെ നായകനായ മാണിക്കന്‍. തേങ്കുറിശ്ശി എന്ന പാലക്കാടന്‍ ഗ്രാമത്തിന്റെ അന്‍പതു വര്‍ഷത്തെ കഥയാണു സിനിമയിലുള്ളത് എന്നതിനാല്‍ ഒടിയന്‍ മാണിക്കനും സഹകഥാപാത്രങ്ങളും വിവിധ പ്രായപരിണാമങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.
ഈ ബ്രഹ്മാണ്ഡചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒടിയനു’ശേഷമാണ് അദ്ദേഹം ഇതിഹാസസിനിമയായ ‘രണ്ടാമൂഴം ‘ സാക്ഷാത്ക്കരിക്കുക. ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ഹെയ്ന്‍ ആണ്. ‘ഷാജി കുമാറാണ് ക്യാമറ. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീക്ക് അഹമ്മദിന്റെയും ലക്ഷ്മി ശ്രീകുമാറിന്റേതുമാണ് ഗാനരചന. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തില്‍ വിഎഫ്എക്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല