1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2017

സ്വന്തം ലേഖകന്‍: ‘നടികള്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരും’, വിവാദ പരാമര്‍ശം നടത്തി വെട്ടിലായി ഇന്നസെന്റ്, പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി വിശദീകരണം, ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഇതിനു നല്‍കിയ വിശദീകരണത്തിനിടെയാണ് നടിമാരെ കുറിച്ച് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വിവാദ പരാമര്‍ശം നടത്തിയത്.

‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ലെന്ന്. പിന്നെ അവര് മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ,’ വളരെ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത് എന്നും ഇന്നസെന്റ് മറുപടി നല്‍കിയിരുന്നു. ഇന്നസെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വിവാദ പരാമര്‍ശത്തിനെതിരെ നടിമാരുടെ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവും രംഗത്തെത്തിയിട്ടുണ്ട്.

വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്നും ഡബ്ല്യൂ.സി.സി ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘വിമെന്‍ ഇന്‍ സിനിമാ കളക്ടി’വിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു. നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുത്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്…

സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന്, ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്.

പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെടുന്നു.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ താന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകള്‍ വളച്ചൊടിച്ചെന്ന ആരോപണവുമായി ഇന്നസെന്റ് രംഗത്തെത്തി. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചുവെന്നും ഇന്നസെന്റ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സ്ത്രീ വിരുദ്ധമായ എല്ലാ പ്രവണതകളെയും ചെറുക്കാനുള്ള ശ്രമം സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കുമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.