സ്വന്തം ലേഖകന്‍: സ്കോട്ട്ലന്‍ഡിലെ എഡിന്ബറോയില് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകും, വൈദികന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെ ദുരൂഹത നീങ്ങില്ലെന്ന് പോലീസ്. ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ചകൂടിയെങ്കിലും വൈകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാകാത്തതാണ് അന്വേഷണവും അനന്തരനടപടികളും വൈകാന്‍ പ്രധാന കാരണം. വൈദികനെ കാണാതായ ജൂണ്‍ 20 നു ശേഷം ജൂണ്‍ 23 ന് മൃതദേഹം കണ്ടെത്തുന്നതുവരെയുള്ള ഇടവേളയില്‍ മൊബൈലിലേക്ക് അദ്ദേഹത്തിന്റെ സഹോദരനും മറ്റുചിലരും വിളിച്ചിരുന്നു. അപ്പോല്‍ ഫോണ്‍ റിങ് ചെയ്യുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തില്‍നിന്നോ മുറിയില്‍നിന്നോ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തുനിന്നോ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്ന പ്രശ്നം. ഇതിനുകൂടി കൃത്യമായ ഉത്തരം ലഭ്യമാക്കിയശേഷമേ കേസ് അന്വേഷിക്കുന്ന സിഐഡി ഉദ്യോഗസ്ഥര്‍ വിശദമായ റിപ്പോര്‍ട്ട് ഫിസ്കല്‍ ഓഫിസര്‍ക്ക് കൈമാറൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് ഫിസ്കല്‍ ഓഫിസര്‍ക്കു ബോധ്യപ്പെട്ടാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ നടപടിയാകും. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നു ബന്ധുക്കളുടെയും സഭയുടെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കലിനെ ഡിക്ടക്ടീവ് ഓഫിസര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലായതിനാല്‍ അവസാന ദിവസങ്ങളില്‍ മൊബൈലിലേക്കു വരികയും പോകുകയും ചെയ്ത കോളുകളുടെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണമാകും പൊലീസ് നടത്തുക. ഇതാണു കാലതാമസത്തിനു കാരണമാകുന്നത്. ഫാ. മാര്‍ട്ടിന്റെ മുറിയില്‍നിന്നു പൊലീസ് എടുത്ത ലാപ്ടോപ്പ് കഴിഞ്ഞദിവസം തുറന്നുപരിശോധിച്ചു. എന്നാല്‍ ഇതില്‍നിന്നും സംശയകരമായ സൂചനകളൊന്നും പൊലീസിനു ലഭിച്ചില്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല