വാഷിംഗ്ടണ്‍: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ കൂടിക്കാഴ്ച നടത്തി. ചൈനയുടെ ശക്തമായ എതിര്‍പ്പു നിലനില്‍ക്കേയായിരുന്നു കൂടിക്കാഴ്ച.
ലാമയുടെ നേതൃത്വത്തില്‍ ടിബറ്റില്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ദലൈലാമ ഒബാമയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇതു ചൈനയെ ചൊടിപ്പിച്ചിരുന്നു.
യു.എസിലെ മാപ് റൂമില്‍വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ചൈനയിലെ ടിബറ്റന്‍ വംശജരുടെ സുരക്ഷ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
അതേസമയം, ടിബറ്റിനെ ചൈനയുടെ ഭാഗമായാണ് യുഎസ് കാണുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. പ്രശ്ന പരിഹാരത്തിനു നേരിട്ടുള്ള ചര്‍ച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
11 ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനു ശേഷം മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു കൂടിക്കാഴ്ചയ്ക്കു ഒബാമ തയാറായത്. ദലൈലാമയുമായി ഒബാമയോ മറ്റു യു.എസ് ഉദ്യോഗസ്ഥരോ കൂടിക്കാഴ്ച നടത്തരുതെന്ന് നേരത്തെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഷിംഗ്ടണില്‍ നടന്ന കാലചക്രയെന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലാമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല