സ്വന്തം ലേഖകന്‍: ഇന്ത്യാ ചൈന സംഘര്‍ഷം പുകയുന്നതിനിടെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും പങ്കെടുക്കുന്നതിനാല്‍ ഇന്നു നടക്കാനിരിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗവും സമ്മര്‍ദ്ദത്തിലാണ്. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ചൈനയും ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തിയത്. ജി20 ഉച്ചകോടിക്കിടെ ഇന്ത്യ ശ്രദ്ധിക്കാന്‍ പോകുന്നത് ഇന്ത്യാചൈന സംഘര്‍ഷം പരിഹരിക്കാന്‍ എന്തെങ്കിലും നീക്കമുണ്ടാവുമോ എന്നാണ്. ഉഭയകക്ഷി ചര്‍ച്ച ഉണ്ടാവില്ലെന്ന് ഇരു നേതാക്കളും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയും ഷി ജിന്‍പിങും ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിനെത്തുന്നുണ്ട്. ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് കൂട്ടായ്മയിലുള്ള മറ്റു രാജ്യങ്ങള്‍.
അഞ്ചു രാഷ്ട്രനേതാക്കള്‍ മാത്രം ഒത്തു കൂടുമ്പോള്‍ മോദിക്കും ഷി ജിന്‍പിങ്ങിനുമിടയില്‍ അനൗപചാരിക സംഭാഷണത്തിനുള്ള സാധ്യത വിദേശകാര്യ ഉദ്യോഗസ്ഥര്‍ തള്ളിയിട്ടില്ല. ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചുംബ താഴ്വരയില് നിന്ന് പിന്മാറുന്നത് വരെ ഒത്തുതീര്‍പ്പില്ല എന്നാണ് ചൈനയുടെ നിലപാട്. അതേ സമയം ചൈന പ്രസ്താവനകളിലൂടെ നടത്തുന്ന പ്രകോപനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം.
കാലാവസ്ഥാ വ്യതിയാനം, ഭീകരവിരുദ്ധപോരാട്ടം, ആഗോളവ്യാപാരം എന്നിവയ്ക്ക് ഊന്നല്‍ നല്കി പന്ത്രണ്ടാമത് ജി20 ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. രണ്ടു ദിവസമാണ് ഉച്ചകോടി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ലോകത്തെ മുന്‍നിരനേതാക്കള്‍ പങ്കെടുക്കും.
പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക’ എന്ന സന്ദേശവുമായി നടക്കുന്ന ദ്വിദിനസമ്മേളനത്തില്‍ ആഗോളഭീകരതയെ നേരിടല്‍, സാമ്പത്തികപരിഷ്കാരങ്ങള്‍, കാലാവസ്ഥവ്യതിയാനം, ലോകവ്യാപാരം എന്നിവയാണ് മുഖ്യഅജണ്ട. ഇതിനുപുറമെ കുടിയേറ്റം, സുസ്ഥിരവികസനം, ആഗോളസ്ഥിരത എന്നിവയും ചര്‍ച്ചയില്‍വരും. അഴിമതി നിര്‍മാര്‍ജനവും ചര്‍ച്ചവിഷയമാണെങ്കിലും ഇക്കാര്യത്തില്‍ ഏകീകൃതനയം രൂപപ്പെടാന്‍ സാധ്യത കുറവാണ്.
ഇത്തവണയും ഉച്ചകോടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ട്രംപ് ഉള്‍പ്പെടെയുള്ള ഭരണത്തലവന്മാര് സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് പ്രതിഷേധം. ഞായറാഴ്ച മുതല്‍ പല കൂട്ടായ്മകളും ഹാംബര്‍ഗില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സുരക്ഷയ്ക്കായി 15,000 പോലീസ് ഉദ്യോഗസ്ഥരെ ഹാംബര്‍ഗ് നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല