സ്വന്തം ലേഖകന്‍: ‘ഒരു ഹിന്ദുവിനും മുസ്ലീമിനും എങ്ങനെ ഒരു മുറി നല്‍കും?’, രണ്ടു മതങ്ങളില്‍ പെട്ടവരായതിനാല്‍ മലയാളി ദമ്പതികള്‍ക്ക് ബംഗുളുരു ഹോട്ടല്‍ ജീവനക്കാര്‍ മുറി നിഷേധിച്ചതായി പരാതി. കോഴിക്കോട് നിന്നുള്ള 36 കാരനായ ഷഫീഖ് സുബൈദാ ഹക്കീമിനും ഭാര്യ 32 കാരി ദിവ്യയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഹോട്ടലില്‍ മുറിക്ക് വേണ്ടി കാണിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് മതം മനസ്സിലാക്കിയ ഹോട്ടല്‍ ജീവനക്കാര്‍ ഒരു ഹിന്ദുവിനും മുസ്ലീമിനും ഒരു മുറി നല്‍കാന്‍ കഴിയില്ലെന്ന് ദമ്പതികളെ അറിയിക്കുകയായിരുന്നു.
സംഭവം വിവാദമായി മാറിയതോടെ വ്യക്തിവിവരം അടങ്ങുന്ന രേഖകള്‍ കയ്യില്‍ ഇല്ലാത്തതിനാലാണ് മുറി നിഷേധിച്ചതെന്നാണ് ഹോട്ടല്‍ അധികൃതരുടേയും പോലീസിന്റെയും വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഹക്കീം. ഇത് താന്‍ എന്ന ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്നതാണെന്നും ഇത് സാമൂഹ്യമായ വിവേചനമാണെന്നുമാണ് ഹക്കീം പറയുന്നത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഇരുവര്‍ക്കും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നത്. ശാന്തിനഗറിലെ ബിഎംടിസി ബസ് ടെര്‍മിനലിന് സമീപത്തെ അന്നപൂര്‍ണ്ണ മെയിന്‍ റോഡിലെ ഒലിവ് റസിഡന്‍സി ഹോട്ടലിലാണ് ഹക്കീമും എറണാകുളം ലോ കോളേജില്‍ ഗവേഷകയായ ദിവ്യയും എത്തിയത്. ബംഗലുരു ലോ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന് എത്തിയതായിരുന്നു ഇരുവരും.
ആദ്യം മുറി കൊണ്ടു കാണിച്ച ഹോട്ടല്‍ ജോലിക്കാര്‍ നിരക്കിനെക്കുറിച്ചും മറ്റും സംസാരിച്ചു. പിന്നീട് റിസിപ്ഷനില്‍ എത്തിയപ്പോള്‍ രണ്ടു പേരുടെയും ഐഡി കാര്‍ഡ് കാണിച്ചതോടെ ഒരു ഹിന്ദുവിനും മുസ്‌ളീമിനും ഒരു മുറി നല്‍കാനാകില്ല എന്ന് പറയുകയായിരുന്നു. അതു ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ വിവാഹിതരാണോ എന്നായി ചോദ്യം. അതേയെന്ന് പറഞ്ഞപ്പോള്‍ ഇത് ഹോട്ടലിന്റെ പോളിസിയാണ് എന്നും ഹിന്ദുവിനെയും മുസ്‌ളീമിനെയും ഒരു മുറിയില്‍ കിടത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു അനുഭവമെന്ന് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അഭിഭാഷകയും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന ദിവ്യ പറഞ്ഞിട്ടും ഹോട്ടല്‍ ജീവനക്കാര്‍ നിലപാടു മാറ്റിയില്ല. തുടര്‍ന്ന് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികള്‍ മറ്റൊരു ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.
എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സും വോട്ടര്‍ ഐഡിയും പാസ്‌പോര്‍ട്ടും പോലെയുള്ള ഐഡി സംബന്ധിച്ച തെളിവുകള്‍ മാത്രമേ ആവശ്യപ്പെടാറുള്ളൂ എന്നും വീട്ടുകാരുടെ സമ്മതമില്ലാതെ പലരും മറ്റു കാര്യങ്ങള്‍ക്കായി ഹോട്ടലില്‍ എത്താറുണ്ടെന്നും തങ്ങള്‍ നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മനേജരുടെ നിലപാട്. വെറും 30 മിനിറ്റിന് വേണ്ടി ദമ്പതികള്‍ ഐഡന്റിറ്റി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതാണ് കാരണമെന്ന് പോലീസും ഹോട്ടല്‍ അധികൃതരും ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല