സ്വന്തം ലേഖകന്‍: അപകടത്തില്‍ കാല് നഷ്ടമായ മലയാളിക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം നല്കാന് ഷാര്‍ജ കോടതി വിധി. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി ബാലന് മലയാളിക്ക് 10 ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നേ മുക്കാല്‍ കോടി രൂപ) നഷ്ട പരിഹാരം നല്‍കാനാണ് ഷാര്‍ജ കോടതിയുടെ വിധി. 2014 സെപ്റ്റംബറില്‍ അജ്മാനില്‍ വെച്ചാണ് ബാലന് അപകടത്തില്‍ പരുക്കേറ്റത്.
ശിതീകരണസംവിധാനത്തിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബാലന് വലതുകലാല് മുട്ടിനുമുകളില്‍ വെച്ച് നഷ്ടപ്പെടുകയും ശരീരത്തില്‍ അന്‍പത് ശതമാനത്തിലേറെ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് മാസക്കാലം യുഎഇയിലെ ചികില്‍സക്ക് ശേഷം മതിയായ നഷ്ടപരിഹാരം നല്‍കാം എന്ന ഉറപ്പില്‍ കമ്പനി അധികൃതര്‍ ബാലനെ നാട്ടിലേക്ക് അയച്ചു. എന്നാല്‍ ആറ് മാസത്തിലധികം കാത്തിരുന്നിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല.
തുടര്‍ന്ന് ബാലന് അംഗവൈകല്യവും വേദനകളും മറന്ന് വീണ്ടും ഷാര്‍ജയിലെത്തി. പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ കേസ് ഒന്നും നിലവിലില്ല എന്നറിഞ്ഞു. തുടര്‍ന്ന് ദുബായ് അല്‍കബ്ബാന്‍ അസോസിയേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന് കരുനാഗപള്ളിയെ ബന്ധപ്പെട്ടു. കമ്പനിക്ക് എതിരെ ക്രിമിനല്‍ കേസില്‍ ബാലന് അനുകൂലമായി വിധി വന്നു.
പിന്നീട് 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ അല്‍ക്കബ്ബാന്‍ അസോസിയേറ്റ്സ് മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് ഷാര്‍ജ കോടതി 10,05,000 ദിര്‍ഹം അഞ്ച് ശതമാനം പലിശയടക്കം നല്കാന് വിധിച്ചത്. അതേസമയം ഇത് മതിയായ നഷ്ടപരിഹാരമല്ലെന്ന് കാണിച്ച് അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല