സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഓണ്‍ലൈന്‍ തട്ടിപ്പാണ് നടന്നതെങ്കില്‍ ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നു ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുകയും നഷ്ടപ്പെട്ട പണം പത്തു ദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
രാജ്യം ഡിജിറ്റല്‍ പണത്തിന്റെ കാലത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ പണമിടപാടിലെ തട്ടിപ്പുകാരണം പണം നഷ്ടമാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനാലാണ് വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവ്. ഡിജിറ്റല്‍ പണമിടപാടുകളില്‍ എപ്പോഴൊക്കെയാണ് ഇടപാടുകാരന് ഉത്തരവാദിത്വമുണ്ടാവുക എന്ന് അറിയിപ്പില്‍ ആര്‍.ബി.ഐ. വ്യക്തമാക്കുന്നു.
ഇടപാടുകാരന്റെ അശ്രദ്ധകാരണം, പാസ്വേഡ് കൈമാറുകയോ മറ്റോ ചെയ്തതുകാരണമാണ് പണം നഷ്ടമായതെങ്കില്‍ ആ വിവരം ബാങ്കില്‍ അറിയിക്കുന്നതുവരെ ആ നഷ്ടത്തില്‍ ഇടപാടുകാരനും ഉത്തരവാദിത്വമുണ്ടാകും. എന്നാല്‍ ബാങ്കില്‍ വിവരമറിയിച്ചതിനു ശേഷവും പണം നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ബാങ്കിനായിരിക്കും.
ബാങ്കിന്റെ ഭാഗത്തോ ഡിജിറ്റല്‍ പണമിടപാട് കൈകാര്യംചെയ്യുന്ന മൂന്നാംകക്ഷിയുടെ ഭാഗത്തോ വന്ന വീഴ്ചകൊണ്ടാണ് പണം നഷ്ടമായതെങ്കില്‍ അതില്‍ ഇടപാടുകാരന് ഉത്തരവാദിത്വമൊന്നും ഉണ്ടാകില്ലെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കുന്നു. പണം പിന്‍വലിക്കപ്പെട്ടതായി അറിയിപ്പുകിട്ടി മൂന്നു ദിവസത്തിനകം ഇക്കാര്യം ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാത്രം.
നാലു മുതല്‍ ഏഴുവരെ ദിവസം കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യത ഇടപാടുകാരനും ബാങ്കും ചേര്‍ന്ന് വഹിക്കണം. എന്നാല്‍, ഇടപാടുകാരന്റെ ബാധ്യത 25,000 രൂപയില്‍ കവിയില്ല. ഏഴു ദിവസം കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാധ്യത പങ്കുവെയ്ക്കുന്നകാര്യം ബാങ്കിന്റെ നയമനുസരിച്ച് തീരുമാനിക്കാം. ബാങ്കിന്റെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചകാരണമോ ബാങ്കുമായി ബന്ധപ്പെട്ടുനടന്ന സംഘടിത കുറ്റകൃത്യം കാരണമോ ആണ് പണം നഷ്ടമായതെങ്കില്‍ ഇടപാടുകാരന്‍ വിവരമറിയിച്ചാലും ഇല്ലെങ്കിലും പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനായിരിക്കും.
ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍ നിര്‍ബന്ധമായും എസ്.എം.എസ്. വഴിയും ഇമെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതുവഴിയും ഇടപാടുകാരെ അറിയിച്ചിരിക്കണം. ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല