സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിയില്‍ ‘നരകത്തിലേക്ക് സ്വാഗതം’ മുദ്രാവാക്യം മുഴങ്ങുന്നു, പ്രതിഷേധ പ്രകടനങ്ങളില്‍ മുങ്ങി ഹാംബര്‍ഗ് നഗരം. ലോകത്തെ സാമ്പത്തിക ശക്തികളായ 20 രാഷ്ട്രങ്ങളുടെ മേധാവികള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്ന ജര്‍മനിയിലെ ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധം. പന്ത്രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലില്‍ 111 പോലീസുകാര്‍ക്ക് പരിക്കേറ്റു.
ജര്‍മനിയിലെ ഇടതു സംഘടനകളാണ് ‘നരകത്തിലേക്ക് സ്വാഗതം’ എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകര്‍. യൂറോപ്പിലാകമാനമുള്ള മുതലാളിത്തവിരുദ്ധര്‍ ഹാംബുര്‍ഗില്‍ എത്തിയിട്ടുണ്ട്. യു.എസ്., കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ചൂഷണവും ജി20യിലെ അംഗങ്ങളായ കുത്തക രാഷ്ട്രങ്ങളുടെ നിര്‍മിതിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
മുതലാളിത്ത രാഷ്ട്രങ്ങളുടെ താത്പര്യമനുസരിച്ചാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്നും ഇവര്‍ കുറ്റപ്പെടുത്തി. പോലീസിന്റെ നിരീക്ഷണ ഹെലികോപ്റ്ററുകളിലേക്ക് പ്രതിഷേധക്കാര്‍ ലേസര്‍ ലൈറ്റടിക്കുകയും ഉച്ചകോടിക്കെത്തിയ പ്രതിനിധികളുടെ കാര്‍ തകര്‍ക്കുകയും ടയറുകളിലെ കാറ്റഴിച്ചുവിടുകയും ചെയ്തു. കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ക്ക് തീയിട്ടുകയുംചെയ്തു.
ചിലയിടത്ത് പോലീസിനുനേരേ പെട്രോള്‍ബോംബും എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ലാത്തിച്ചാര്‍ജിലും മറ്റും നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. കറുപ്പു വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ ആയിരത്തോളംപേര്‍ മുഖംമൂടി മാറ്റാനും പിരിഞ്ഞു പോകാനുമുള്ള പോലീസിന്റെ ഉത്തരവ് അവഗണിച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും കുരുമുളകു സ്പ്രേയും പ്രയോഗിക്കുകയായിരുന്നു.
20,000 പോലീസുകാരെയാണ് ഉച്ചകോടി നടക്കുന്ന വേദിയുടെ പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. തന്റെ ജന്മനാട്ടില് ജി20 ഉച്ചകോടിക്ക് സ്വാഗതമരുളുന്പോള് ഉച്ചകോടിയുടെ അധ്യക്ഷകൂടിയായ ആംഗല മെര്‍ക്കല്‍ ഇത്രയും പ്രതിഷേധം പ്രതീക്ഷിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മനി ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതില്‍ ഹാംബര്‍ഗ് നഗരവാസികള്‍ക്കും കടുത്ത വിയോജിപ്പാണ് ഉള്ളത്. പ്രതിഷേധക്കാര്‍ വൃത്തികേടാക്കിയ നഗരം ശുചിയാക്കാന്‍ വന്‍തുക ചെലവഴിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടേയും പ്രാദേശിക അധികൃതരുടേയും വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല