സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്, ലോക ഫുട്ബോളിലെ കൗമാര താരങ്ങള്‍ കൊച്ചിയില്‍ പന്തുതട്ടും. ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പുകളുടെയും ടീമുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീല്‍, സ്പെയ്ന്‍ എന്നീ ടീമുകള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പായി. ഒക്ടോബര്‍ ഏഴ്, പത്ത് തിയ്യതികളിലാണ് ബ്രസീലിന്റെ കൊച്ചിയിലെ മത്സരങ്ങള്‍.
ഇന്ത്യ ആതിഥേയരാകുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ 24 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്. അമേരിക്ക, കൊളംബിയ, ഘാന എന്നീ ശക്തന്മാര്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. പരഗ്വേ, മാലി, ന്യൂസിലന്‍ഡ്, തുര്‍ക്കി എന്നിവര്‍ ഗ്രൂപ് ബിയിലും ഇറാന്, ഗിനി, ജര്‍മനി, കോസ്റ്ററീക എന്നിവര്‍ ഗ്രൂപ് സിയിലും കൊറിയ, നൈജര്‍, ബ്രസീല്‍, സ്പെയിന് എന്നിവര്‍ ഗ്രൂപ് ഡിയിലും ഹോണ്ടുറസ്, ജപ്പാന്, ന്യൂ കാലെഡോണിയ, ഫ്രാന്‍സ് എന്നിവര്‍ ഗ്രൂപ് ഇയിലും ഇറാഖ്, മെക്സികോ, ചിലി, ഇംഗ്ലണ്ട് എന്നിവര്‍ ഗ്രൂപ് എഫിലും ഇടംനേടി.
മുംബൈയില്‍ നടന്ന ചടങ്ങില്‍ നൈജീരിയന്‍ ഇതിഹാസ താരം കാനു, അര്‍ജന്റീന മുന്‍താരം കാംപിയാസോ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. തെക്കനമേരിക്കന്‍ യോഗ്യതാറൗണ്ട് ജേതാക്കളായാണ് മൂന്നു തവണ കൗമാര ലോക കിരീട ജേതാക്കളായ ബ്രസീലിന്റെ വരവ്. സ്പെയിന് ഇതുവരെ കൗമാര കിരീടം നേടിയിട്ടില്ലെങ്കിലും ആ കുറവ് ഇന്ത്യന്‍ മണ്ണില്‍ തീര്‍ക്കാനാണ് വരുന്നത്. മൂന്നാമത്തെ ടീമായ ആഫ്രിക്കന്‍ സംഘം നൈജര്‍ അഞ്ചു തവണ ലോകചാമ്പ്യന്മാരായ നൈജീരിയയുടെ വഴിമുടക്കിയാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ഫെബ്രുവരി ഏഴിന് കൊച്ചിയിലെ ആദ്യ മത്സരം ബ്രസീലും സ്പെയിനും തമ്മിലാണ്. നറുക്കെടുപ്പില്‍ ആതിഥേയരായ ഇന്ത്യ ഇടംപിടിച്ച ഗ്രൂപ് എയിലുള്ള അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ തുല്യ ശക്തരാണ്. എതിരാളികള്‍ കരുത്തരെങ്കിലും പൊരുതാനുള്ള ആത്മവിശ്വാസം തന്റെ കുട്ടികള്‍ക്കുണ്ടെന്ന് ഇന്ത്യന്‍ പരിശീലകന് ലൂയിസ് നൊര്ടൊണ് ഡി മാടൊസ് പറഞ്ഞു. ഫിഫ റാങ്കും കഴിഞ്ഞ അഞ്ചു ലോകകപ്പ് മത്സരങ്ങളിലെ പോയന്റ് നിലയുംപ്രകാരം ക്രമപ്പെടുത്തിയ പട്ടികയില്‍നിന്ന് ആറ് ടീമുകളെ വീതം നാലു പോട്ടുകളിലാക്കിയായിരുന്നു നറുക്കെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല