സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റത്തിന് ജി 20 ഉച്ചകോടിയില്‍ അംഗീകാരം നേടിയെടുത്ത് ട്രംപിന്റെ വാക്‌സാമര്‍ഥ്യം, രൂക്ഷ വിമര്‍ശനവുമായി ജര്‍മനി. 2015 ലെ പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനത്തെ അംഗീകരിക്കുന്നതായി ജര്‍മനിയില്‍ ജി 20 ഉച്ചകോടിയുടെ സമാപനശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. പാരിസ് ഉടമ്പടിയില്‍നിന്നു പിന്മാറിയ ട്രംപിന്റെ മനസ്സു മാറ്റാന്‍ ജി 20 യോഗം ശ്രമിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിനുമുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അംഗരാജ്യങ്ങളെ തന്റെ വാക്‌സാമര്‍ഥ്യം കൊണ്ട് ട്രംപ് കൈയ്യിലെടുക്കുകയായിരുന്നു. സമ്മേളനം പുറത്തിറക്കിയ 20 രാജ്യങ്ങള്‍ ഒപ്പിട്ട നയരേഖയിലാണ് ട്രംപിന്റെ വാദങ്ങളെ അംഗീകരിച്ചിരിക്കുന്നത് എന്നതും യുഎസ് പ്രസിഡന്റിന്റെ വിജയമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫോസില്‍ ഇന്ധനങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനു മറ്റുരാജ്യങ്ങളുമായി സഹകരിക്കാനുള്ള വാഷിങ്ടണിന്റെ താല്‍പര്യത്തെയും സമ്മേളനം അംഗീകരിച്ചു. ‘നീതിപൂര്‍വകമായ വിപണനത്തിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍’ ഓരോ അംഗരാജ്യത്തിനും സ്വീകരിക്കാമെന്നും നയരേഖ അടിവരയിട്ടു പറയുന്നു. ‘അമേരിക്ക ആദ്യം’ എന്ന ട്രംപ് സര്‍ക്കാരിന്റെ നയത്തെ പിന്തുണയ്ക്കുന്നതാണു ജി 20 രാജ്യങ്ങളുടെ ഈ സമീപനവും.
പുറത്തും അകത്തും ഒരുപോലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടന്നത്. കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ ഉച്ചകോടിക്കായില്ല.ആദ്യമായാണ് ജി20 രാജ്യങ്ങള്‍ സ്വന്തം വിപണിസംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നത്.
ഉച്ചകോടിയിലെ ഭിന്നത വെളിവാക്കുന്നതാണ് പ്രമേയമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ തുറന്നടിക്കുകയും ചെയ്തു. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്നോട്ടില്ലെന്ന അംഗരാജ്യങ്ങളുടെ ഉറച്ച നിലപാടും ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ യുഎഎസ് ഒഴികെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ചതും യുഎസിന് ക്ഷീണമായി.
അതിനിടെ യു.എസും ബ്രിട്ടനും തമ്മിലുള്ള വ്യാപാരകരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 2019ലെ ജി20 ഉച്ചകോടി ജപ്പാനിലും 2020ലേത് സൗദി അറേബ്യയിലും നടക്കും. ജി20 രാജ്യങ്ങളുടെ കാലാവസ്ഥാ ഉച്ചകോടി ഡിസംബര്‍ 12ന് നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു. ശനിയാഴ്ചയും ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഇരുപതിനായിരത്തോളം പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ഇതുകാരണം ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ഉള്‍പ്പെടെയുള്ള പ്രഥമവനിതകള്‍ക്ക് പുറത്തിറങ്ങാനാവാതെ ഹോട്ടല്‍ മുറികളില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഒരു ലക്ഷത്തിലേറെ പേരാണ് വേദിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും ബാരിക്കേഡുകള്‍ക്കും തീയിട്ടതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും മുളകുസ്‌പ്രേയും പ്രയോഗിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കാനഡ, ദക്ഷിണ കൊറിയ, മെക്‌സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യു.എസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല