സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ നിബന്ധന, പ്രതിഷേധം ശക്തമാകുന്നു. വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നായിരുന്നു പുതിയ നിബന്ധന. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രവാസികള്‍ ആരോപിക്കുന്നു.
ഇതുവരെ ഒറ്റ ദിവസം കൊണ്ട് ഗള്‍ഫില്‍നിന്നും മറ്റും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വന്നതോടെ കുറഞ്ഞത് നാല് ദിവസം എങ്കിലും വേണ്ടി വരും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍. നിബന്ധന നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളേറെയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ ആറു ദിവസമെങ്കിലും എടുത്താണ് നിലവില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുക.
ഹൃദയാഘാതവും, അസുഖങ്ങള്‍ മൂലമുള്ള സാധാരണ മരണങ്ങളേക്കാള്‍ വാഹനാപകടവും ആത്മഹത്യയും ഏറെ നടക്കുന്ന സ്ഥലമാണ് ഗള്‍ഫ് മേഖല. പല കേസുകളിലും ചിന്നിചിതറിയ നിലയിലായിരിക്കും മൃതദേഹങ്ങള്‍. എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കണം. 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കാനാണ് എംബാം ചെയ്യുന്നത്.
പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃദേഹം സൂക്ഷിക്കേണ്ടി വരുമ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുകയും വിമാനത്തില്‍ കയറ്റാന്‍ കഴിയാതാകുകയും ചെയ്യും. നിലവില്‍ യു.എ.ഇയില്‍ മാത്രം പ്രതിദിനം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള പരിമിതിയും എംബാമിംഗ് യൂണിറ്റിലുണ്ട്.
കരിപ്പൂരിലെ ഹെല്‍ത്ത് ഇന്‍പെക്ടര്‍, കാര്‍ഗോ കമ്പനികള്‍ക്കയച്ച നിബന്ധന പിന്‍വലിക്കാണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫില്‍നിന്നും മൃതദേഹം എത്തിക്കുന്ന പ്രശ്നത്തില്‍ കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിബന്ധന വ്യോമയാന മന്ത്രാല!യത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല