സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ട്രംപിന്റെ മകനും മരുമകനും റഷ്യന്‍ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തി, തെളിവുകള്‍ പുറത്ത്. ഡൊണള്‍ഡ് ട്രംപിന്റെ ഇളയ മകന് ഡോണള്‍ഡ് ട്രംപ് ജൂനിയറും മരുമകന് ജാരദ് കുഷ്നറും പ്രചാരണവിഭാഗം ചെയര്മാന് പോള്‍ ജെ. മാനഫോര്‍ടും റഷ്യന്‍ അഭിഭാഷകയുമായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അന്തിമ തീരുമാനം പുറത്തു വന്നതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.
2016 ജൂണില്‍ നടന്ന സംഭവം കുഷ്നറുമായും ട്രംപ് ജൂനിയറുമായും ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ അഭിഭാഷക നതാലിയ വെസല്നിത്സ്കയുമായി ഇവര്‍ കണ്ടത് ട്രംപ് ടവറില്വെച്ചാണ്. യു.എസ് പൗരന്മാര് റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നതു സംബന്ധിച്ച പദ്ധതിയെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. അമേരിക്കന്‍ ഉപരോധത്തിനു മറുപടിയായി റഷ്യ ദത്തെടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചിരുന്നു.
ട്രംപ് ജൂനിയറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇതില്‍ പങ്കെടുത്തതെന്ന് കുഷ്നര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടല്‍ ഉണ്ടായതായുള്ള ആരോപണം സംബന്ധിച്ച് യു.എസ്. കോണ്‍ഗ്രസ് സമിതി അന്വേഷണം നടത്തുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഭാഗമായിരുന്നില്ലെന്ന ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ അവകാശവാദം പൊളിക്കുന്ന രേഖയാണിത്.
മനുഷ്യാവകാശ ലംഘകരായ റഷ്യക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തുന്ന അമേരിക്കന്‍ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നതാലിയ. ഈ നിയമത്തോട് കടുത്ത പ്രതിഷേധമുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് റഷ്യന്കുഞ്ഞുങ്ങളെ യു.എസ്.ദമ്പതിമാര്‍ ദത്തെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല