സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം, തീനാളങ്ങള്‍ നിയന്ത്രണ വിധേമാക്കാന്‍ ശ്രമം തുടരുന്നു, വന്‍ നാശനഷ്ടമെന്ന് സൂചന. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പെയാണ് പ്രശസ്തമായ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. പുറത്ത് വന്ന പല ചിത്രങ്ങളും വ്യക്തമാക്കുന്നത് വന്‍ തീപിടിത്ത സാധ്യതയും കനത്ത നഷ്ടങ്ങളുമാണ്.
ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീയും പുകയും ഉയര്‍ന്നിരിക്കുന്നത്. ഏതാണ്ട് 1000 ത്തിലധികം കടകളുണ്ട് കാംഡണ്‍ മാര്‍ക്കറ്റില്‍. ലണ്ടന്‍ ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ചന്തകളിലൊന്നാണിത്. ആളപായമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം.
എട്ട് അഗ്നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008 ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമര്‍ന്ന മാര്‍ക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടതിനു ശേഷമാണ് തുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല