1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2017

സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്ക് വീസ നിഷേധിച്ചു, പാക് വിദേശകാര്യ മന്ത്രിയ്‌ക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. വീസയ്ക്കു വേണ്ടി അയച്ച കത്ത് പരിഗണിക്കാനുള്ള സാമാന്യ മര്യാദപോലും പാകിസ്താന്‍ കാണിച്ചില്ലെന്ന് പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസിനെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആരോപിച്ചു.

എന്നാല്‍ ഏതെങ്കിലും പാകിസ്താന്‍ പൗരന്‍ മെഡിക്കല്‍ വീസയ്ക്ക് അപേക്ഷിച്ചാല്‍, അസീസിന്റെ ശിപാര്‍ശയുണ്ടെങ്കില്‍ ഉടനടി അനുവദിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജാദവിന്റെ അമ്മ അവന്തിക ജാദവിന് അവരുടെ മകനെ കാണാന്‍ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ വ്യക്തിപരമായി അസീസിന് കത്ത് അയച്ചിരുന്നുവെന്നും സുഷമ ട്വീറ്റ് ചെയ്തു.

പാകിസ്താനില്‍ നിന്നുള്ള കാന്‍സര്‍ രോഗി ഫൈസ തന്‍വീറിന് (25) ഇന്ത്യ മെഡിക്കല്‍ വീസ നിഷേധിച്ചത് പ്രതികാര നടപടിയാണെന്ന് പാക് അധികൃതര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് മറുപടിയായാണ് സുഷമയുടെ ട്വീറ്റുകള്‍. സര്‍താജ് അസീസ് ശിപാര്‍ശ നല്‍കിയ എല്ലാ മെഡിക്കല്‍ വീസ അപേക്ഷകള്‍ക്കും ഇന്ത്യ അനുമതി നല്‍കിയിരുന്നു. സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ അസീസ് എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നതെന്നും സുഷമ ചോദിക്കുന്നു.

മുന്‍ നേവി ഓഫീസറായ ജാദവിനെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് പാകിസ്താന്‍ അറസ്റ്റു ചെയ്തത്. ഈ വര്‍ഷം പാക് സൈനിക കോടതി ജാദവിന് വധശിക്ഷയും വിധിച്ചിരുന്നു. ജാദവിന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പല തവണ പാകിസ്താന് കത്ത് നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യ മേയ് 18ന് വധശിക്ഷ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.