1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശവപ്പറമ്പായി മൊസൂള്‍ നഗരം, ബാക്കിയുള്ള ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ആത്മഹഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. മൊസൂള്‍ ഏതാണ്ട് പൂര്‍ണമായും ഇറാഖ് സൈന്യം പിടിച്ചെടുത്തതോടെ ഇറാഖി സൈനികരുടെ കൈയ്യില്‍പ്പെടുന്നത് ഒഴിവാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരര്‍ സ്വയം ജീവനൊടുക്കി തുടങ്ങിയത്.അതിനിടെ അവശേഷിച്ച ഐഎസ് ഭീകരരെയും ഉന്മൂലനം ചെയ്തു മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. യുദ്ധഭൂമിയായ നഗരത്തിലെത്തിയ പ്രധാനമന്ത്രി സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

എട്ടുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ഐഎസ് ഭീകരരുടെ ആസ്ഥാനവുമായ മൊസൂള്‍ സൈന്യം തിരിച്ചുപിടിച്ചത്. രൂക്ഷ യുദ്ധത്തില്‍ ആയിരക്കണക്കിനു നഗരവാസികള്‍ കൊല്ലപ്പെട്ടു. ചരിത്രനഗരത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നുതരിപ്പണമായി. പത്തു ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. ടൈഗ്രിസ് നദിയുടെ കരയില്‍ കുറച്ചു സ്ഥലമൊഴികെ നഗരം മുഴുവനായും കഴിഞ്ഞയാഴ്ച ഇറാഖ് സേന പിടിച്ചെടുത്തിരുന്നു.

തെരുവുകളില്‍ ഭീകരരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നദിയില്‍ ചാടിയ 30 ഭീകരരെ വെടിവച്ചുകൊന്നതായി ഇറാഖ് സേന അറിയിച്ചു. സേനയിലും കനത്ത ആള്‍നാശമാണുണ്ടായത്. യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 40 ശതമാനത്തോളം ഇറാഖ് സൈനികര്‍ക്കു ജീവഹാനി സംഭവിച്ചതായാണു യുഎസ് പ്രതിരോധ വകുപ്പിന്റെ കണക്ക്.

2014 മുതല്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു മൊസൂള്‍ നഗരം. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മൊസൂളിലിരുന്നാണ് ഐഎസ് ഭീകരര്‍ ഇറാഖിലെ ആക്രമണങ്ങളുടെ ചരടുവലിച്ചിരുന്നത്. മൊസൂള്‍ കീഴടക്കിയശേഷ 2014 ജൂലൈയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി താന്‍ ഖലീഫയാണെന്നു പ്രഖ്യാപിച്ചത് മൊസൂളിലെ അല്‍ നൂരി പള്ളിയുടെ അങ്കണത്തിലായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍നൂരി പള്ളിയടക്കം ഒട്ടേറെ ചരിത്ര സ്മാരകങ്ങളും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.