സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അഗ്നിബാധ പുലര്‍ച്ചെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. അഗ്നിബാധയുടെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി റസ്റ്റോറന്റുകളും കിച്ചണുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളും മേല്ക്കുരയുമാണ് തീ വിഴുങ്ങിയത്. പത്ത് ഫയര്‍ എന്‍ജിനുകളും 70 അഗ്നിശമന സൈനികരുമാണ് തീയണച്ചത്. അഗ്നിശമനസേനയുടെ പത്തു വാഹനങ്ങളും 70 ല്‍ അധികം ജീവനക്കാരും മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമര്‍ന്ന മാര്‍ക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാര്‍ക്കറ്റലുള്ളത്. ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കാംഡന്‍ ലോക് മാര്‍ക്കറ്റും പരിസരവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല