സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്തു സമ്പാദിച്ചതായി പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സംയു ക്ത അന്വേഷണ സംഘം(ജെഐടി) പുതിയ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തു.
ജെഐടി കഴിഞ്ഞ ദിവസം പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഷരീഫ്, ആണ്മക്കളായ ഹസന് നവാസ്, ഹുസൈന് നവാസ്, മകള്‍ മറിയം നവാസ് എന്നിവര്‍ക്കെതിരേ ഗുരുതര കണ്ടെത്തലുകളും പരാമര്‍ശങ്ങളും അടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ രാജിവയ്ക്കേണ്ടതില്ലെന്നു മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും നിയമജ്ഞരും ഷരീഫിനെ ഉപദേശിച്ചു. ജെഐടി റിപ്പോര്‍ട്ടിനു മറുപടി തയാറാക്കാന്‍ ഉപദേഷ്ടാക്കള്‍ക്കു പ്രധാനമന്ത്രി നിര്‍ദേശം നല്കി.
ഷരീഫിന്റെയും മക്കളുടെയും സ്വത്തുക്കളും അവയുടെ ഉറവിടവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നാണു അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് അറിയിപ്പു നല്‍കുകയോ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയോ വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ഷരീഫ് കുടുംബവുമായി ബന്ധമുള്ള കന്പനികള്‍ക്കും അഴിമതി ഇടപാടില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കന്പനികളുടെ സാന്പത്തിക നിലയും ഉറവിടങ്ങളും തമ്മിലും പൊരുത്തപ്പെടുന്നില്ല. സൗദി, യുഎഇ, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്ന് ഷരീഫ് കുടുംബത്തിലേക്കും കന്പനികളിലേക്കും വായ്പയെന്ന പേരിലും സമ്മാനമായും പണം എത്തിയിരുന്നു.
ഷരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞവര്‍ഷമാണു പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് ഇമ്രാന് ഖാന്റെ പരാതിയിലാണ് സുപ്രീം കോടതി സൈനിക, സിവിലിയന്‍ പ്രാതിനിധ്യമുള്ള സംയുക്ത അന്വേഷണ സമിതി(ജെഐടി )രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. അന്വേഷണ സമിതി ഷെരീഫിനേയും കുടുംബാംഗങ്ങളെയും പലവട്ടം ചോദ്യംചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല