സ്വന്തം ലേഖകന്‍: ദിലീപ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍, ആലുവ സബ് ജയിലിലേക്ക് മാറ്റി, ആക്രമണത്തിലേക്ക് നയിച്ചത് നടിയോടുള്ള വ്യക്തി വൈരാഗ്യം, താരത്തിനെതിരെ ജനരോഷം ഇരമ്പുന്നു, എടപ്പള്ളിയിലും കോഴിക്കോടും ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദിലീപിനെ ആലുവ സബ്ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്. നടിയെ ആക്രമിക്കാന്‍ ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
നടിയോടുള്ള ദിലീപിന്റെ വ്യക്തിവിരോധമാണ് പള്‍സര്‍ സുനി വഴി നടപ്പാക്കിയ ക്വട്ടേഷന് പിന്നിലെന്നതിന് തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ദിലീപിന്റെയുംയും നാദിര്‍ഷയുടെയും സുനിയുടെയും മൊഴികളില്‍നിന്നാണ് വ്യക്തമായ സൂചനകള്‍ പൊലീസ് കണ്ടെടുത്തത്. തന്റെ കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നടിയാണെന്ന ദിലീപിന്റെ ഉറച്ച വിശ്വാസമാണ് വൈരാഗ്യം വളര്‍ത്തിയത്. തന്റെ ഇടപാടുകളും ബന്ധങ്ങളും കുടുംബത്തില്‍ അപ്പപ്പോള്‍ അറിയിച്ചത് നടിയാണെന്ന ധാരണയും ദിലീപില്‍ പക വളര്‍ത്തി.
ആദ്യഘട്ടത്തില്‍ സിനിമയില്‍നിന്ന് അവരെ പുറത്താക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇതിനൊടുവില്‍ സിനിമ ലോകത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ദിലീപ് തന്റെ പദ്ധതി നടപ്പാക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് കസ്റ്റഡിയിലായ സുനി ചോദ്യം ചെയ്യലിന്റെ അവസാന ഘട്ടങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ ദിലീപും നടിയും തമ്മിലെ വ്യക്തിവൈരാഗ്യത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
2013ല്‍ എറണാകുളം എം.ജി. റോഡിലെ പ്രമുഖ ഹോട്ടലിലാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അന്ന് ദിലീപ് അവിടെ എത്തിയത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം മുമ്പ് രണ്ട് തവണ നടിയെ ആക്രമിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഫെബ്രുവരി 17ന് ഒരു ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ക്കായി തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന നടി അങ്കമാലിക്കടുത്ത് അത്താണിയില്‍ വെച്ച് ഓടുന്ന വാഹനത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍നിന്ന് രക്ഷപ്പെട്ട നടി നടനും സംവിധായകനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഉടസ്ഥതയിലുള്ള സ്ഥാപനത്തിനു നേര്‍ക്ക് വ്യാപക ആക്രമണം. എടപ്പള്ളിയിലെ ‘ദേ പുട്ട്’ തല്ലിത്തകര്‍ത്തതിനു പിന്നാലെ കോഴിക്കോട്ടുള്ള ദേ പുട്ട് എന്ന റെസ്റ്റോറന്റിനു നേര്‍ക്കും ആക്രമണമുണ്ടായി. പ്രതിഷേധമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെസ്റ്റോറന്റ് തല്ലിത്തകര്‍ക്കുകയായിരുന്നു. ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ഉടമസ്ഥതയിലുള്ളതാണ് ദേ പുട്ട്. അതേസമയം, ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യവസായവ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല