സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി ഏറ്റുവാങ്ങി. ബ്രിട്ടനിലെ സാമ്പത്തിക വ്യാപാര തൊഴില്‍ മേഖലകളില്‍ നല്കിയ മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്ക് ബ്രിട്ടീഷ് രാജ്ഞി നല്കുന്ന പുരസ്കാരമാണ് ക്വീന്‍സ് പുരസ്കാരം. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്കാരം.
പുരസ്കാര ചടങ്ങിനോട് അനുബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു. ചടങ്ങില്‍ ബ്രിട്ടനില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു. ബര്‍മിങ് ഹാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് ലെഫ്റ്റനന്റ് ജോണ്‍ ക്രാബ്ട്രീയാണ് ക്വീന്‍സ് അവാര്‍ഡ് സമ്മാനിച്ചത്.
ബര്‍മിങ് ഹാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന് ഹാമില്ട്ടന്, പാര്‍ലമമെന്റ് അംഗം ഖാലിദ് മുഹമ്മദ്, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര് ചടങ്ങില്‍ സംബന്ധിച്ചു. രാജ്ഞിയുടെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നല്കിയ സ്ഥാപനങ്ങളുടെ പട്ടികക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്.
ഇതാദ്യമായാണ് ഒരു മലയാളിയുടെ സ്ഥാപനത്തിന് വ്യാപാര രംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്. ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരങ്ങളിലൊന്ന് ലഭിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് കൂടിയായ എം.എ.യൂസഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ബ്രിട്ടന്റെ സാമ്പത്തിക മേഖലക്ക് തങ്ങളുടെതായ പുതിയ സംഭാവനകള്‍ നല്‍കാനും പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ വിവിധ മേഖലകളിലായി 2,100 കോടിരൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിട്ടുള്ളതെന്ന് യൂസഫലി വ്യക്തമാക്കി. ബര്‍മിങ് ഹാം സിറ്റി കൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് സോണില്‍ അനുവദിച്ച 11.20 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ മുതല്‍ മുടക്കില്‍ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും യൂസഫലിപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല