സ്വന്തം ലേഖകന്‍: ദിലീപിനെ കുടുക്കിയതിനു പിന്നില്‍ സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് സഹോദരന് അനൂപ്, നിരപരാധിയെങ്കില്‍ കുറ്റവിമുക്തരായ പുറത്തുവരട്ടെയെന്ന് ആക്രമിക്കപ്പെട്ട നടി, തനിക്ക് ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും വിശദീകരണം, സമൂഹ മാധ്യമങ്ങള്‍ ദിലീപിന് പിന്തുണയുമായി കൂടുതല്‍ പേര് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ കുടുക്കിയതാണെന്നും ദിലീപിനെ കുടുക്കാന്‍ വേണ്ടി വന്‍ ഗൂഢാലോചനയാണ് നടന്നിട്ടുളളതെന്നും അദ്ദേഹത്തിന്റെ സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഇതെല്ലാം ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരും. തെളിയിക്കും. സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇത് പുറത്ത് വരും. സത്യം തെളിയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി. ഇത്രയും ഒരാളെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ല, നൂറ് ശതമാനം തെളിവില്ല. അവിടെയും ഇവിടെയുമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല. ഇതെല്ലാം കെട്ടിച്ചമച്ചിരിക്കുന്നതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്ക്കും വരും. ഗൂഢാലോചന നടത്തിയത് ദിലീപല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടന്നത്,’ അനൂപ് പറയുന്നു.
അതിനിടെ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ തന്റെ പേരില്‍ ഉയരുന്ന ചില വ്യാജ വാര്‍ത്തകള്‍ക്ക് ആക്രമിക്കപ്പെട്ട നടി ആദ്യമായി വിശദീകരണം നല്കി. തനിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാട് ഇല്ലെന്നും നടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണ വിധേയന്റെ പ്രസ്താവനയും കണ്ടു. അതും പോലീസ് അന്വേഷിക്കട്ടെ. നിരപരാധിയാണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.
ഒരു ചാനലില്‍ വന്നിരുന്ന് ഇക്കാര്യം പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഫെബ്രുവരി17ന് എനിക്ക് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു. അത് സത്യസന്ധതയോടെ കേരള പോലീസിനെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ ഞെട്ടലോടെയാണ് താന്‍ കേട്ടത്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ ഭിന്നതയെ തുടര്‍ന്ന് ആ ബന്ധം മുറിഞ്ഞത് വാസ്തവം തന്നെ. ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റ് ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ല. തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതു പറയേണ്ടിവന്നത്.
കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അദ്ദേഹം പറയുന്നു. എങ്കില്‍ അത് എത്രയും പെട്ടെന്ന് പുറത്തുവരട്ടെ. ഒരു വ്യക്തി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അതും തെളിയിക്കേണ്ട ചുമതല പോലീസിനാണ്. അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ മാധ്യമങ്ങളില്‍ നിന്നും മറ്റു ചിലരില്‍ നിന്നും അറിയാനിടയായി. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. തനിക്ക് ആരുമായും വസ്തു പണ ഇടപാടുകള്‍ ഇല്ല. അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതിനാലാണ് മുന്‍പ് അത് പറയാതിരുന്നത്.
അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഞാനില്ലാത്തത് കൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ഥതയോടെ ആഗ്രഹിക്കുന്നതായും നടി വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം നടന്നില്ല. അഡ്വ. കെ. രാംകുമാര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിച്ചെങ്കിലും കസ്റ്റഡി കാലാവധി അവസാനിച്ചശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ കൂവി വിളിച്ചാണ് ജനക്കൂട്ടം താരത്തെ സ്വീകരിച്ചത്. അതിനിടെ സിനിമാ രംഗത്തുനിന്ന് പലരും കുറ്റം തെളിയിക്കപ്പെടുംവരെ ദിലീപ് കുറ്റവാളിയല്ലെന്നും കുറ്റാരോപിതന് മാത്രമാണെന്നും വിശദീകരിച്ച് ദിലീപിനെ പിന്തുണച്ച് രംഗത്ത് വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല