സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പോലീസ്, ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പൊലീസ് കോടതിയില്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയാണ് ദൃശ്യം ദിലീപിന് കൈമാറിയതെന്നാണ് പൊലിസ് നിഗമനം.
പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുംവരെ ദിലീപിന് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്ട്ടിപ് പോലീസ് വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ സുനി ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ഫോണ്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതീഷ് പിന്നീട് ഇത് ദിലീപിന് കൈമാറിയതായാണ് പൊലീസ് നല്കുന്ന സൂചന.
ഈ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുംമുന്‍പ് ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമാകുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ നടിയെ അപമാനിക്കാനും നടിയുടെ ജോലികള്‍ തടസപ്പെടുത്താനും ഇടവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പള്‍സര്‍സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്ത തുക കൈമാറാന്‍ തയാറാകാഞ്ഞതാണ് സുനിയും മറ്റ് പ്രതികളും ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ അടുപ്പക്കാരായ പല പ്രമുഖരേയും ഇനിയും ചോദ്യംപെയ്യേണ്ടതുണ്ടന്നും അത് കാര്യക്ഷമമായി നടത്തുന്നതിനും ദിലീപിന് ജാമ്യം അനുവദിക്കുന്നത് തടസം സൃഷ്ടിക്കുമെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതേ സമയം ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുമെന്നിരിക്കെ ഇതുവരെയും ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ തയാറാകാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ നിരവധി പേര് ദിലീപിന് പിന്തുണയുമായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല