സ്വന്തം ലേഖകന്‍: മയക്കു മരുന്നു കടത്ത്, സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് തൂക്കുമരം. മയക്കു മരുന്നു കേസില്‍ പിടിയിലായ ഇന്ത്യന്‍ വംശജന് പ്രഭാകരന് ശ്രീവിജയന്‍ എന്ന 29 കാരനെയാണ് തൂക്കിക്കൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിംഗപ്പൂരിലെ ചാംഗി പ്രസണ്‍ കോംപ്ളസില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ നര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു.
2014 ലാണ് ശ്രീവിജയനെ വധശിക്ഷക്ക് വിധിച്ചത്. സിംഗപ്പൂരിലേക്ക് 22.24 ഗ്രാം ഡയമോഫിന്‍ കടത്തിയ കേസിലാണ് വധശിക്ഷ. 2012ല്‍ പെനിന്‍സുലാര്‍ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ വുഡ്ലാന്‍ഡ്സ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ശ്രീവിജയന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് രണ്ടു പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
പ്രഭാകരന് ശ്രീവിജയന്‍ വധശിക്ഷ വിധിച്ചതിനെതിരെ ആംനെസ്റ്റി ഇന്തര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കേസില്‍ ശരിയായ വിചാരണ നടന്നില്ലെന്നും പ്രതിയുടെ ഭാഗം കേള്‍ക്കാന്‍ കോടതി തയാറായില്ലെന്നും സംഘടനകള്‍ ആരോപിച്ചിരുന്നു. സിംഗപ്പൂരിലെ മരുന്ന് ദുരുപയോഗം തടയുന്ന നിയമപ്രകാരം 15 ഗ്രാമോ അതില്‍ കൂടുതലോ ഡയമോഫിന്‍ കടത്തിയാല്‍ അത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല