സ്വന്തം ലേഖകന്‍: റഷ്യയും ഇറാനും കൂടുതല്‍ അടുക്കുന്നു, കാസ്പിയന്‍ കടലില്‍ സംയുക്ത സൈനികാഭ്യാസം നടത്തി സഖ്യത്തിന്റെ ശക്തി പ്രകടനം. കാപ്സിയന്‍ കടലില്‍ ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ അഭ്യാസ പ്രകടനം നടത്തിയതായി ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന് നാവികസേനയുടെ മിസൈല്‍ വിക്ഷേപണ പെയ്കാന്‍ ക്ലാസ് യുദ്ധകപ്പലും സൈനികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. ഇറാനിലെ വടക്കന്‍ തുറമുഖമായ അന്‍സാലിയിലായിരുന്നു റഷ്യന്‍ നാവികസേനയുടെ അഞ്ചംഗ കപ്പല്‍പ്പട നങ്കൂരമിട്ടത്. മൂന്ന് ദിവസമായിരുന്നു ഈ കപ്പല്‍ക്കൂട്ടം ഇവിടെ നങ്കൂരമിട്ടുകിടന്നത്. സിറിയയില്‍ ആക്രമണരഹിത മേഖല സൃഷ്ടിക്കാന്‍ അടുത്തിടെ റഷ്യ, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തില്‍ ഇറാന് പങ്കാളിയായതിനെ തുടര്‍ന്ന് യു.എസ് പിന്മാറുകയും ചെയ്തു. ഇതിന് ബദലായി സിറിയയില്‍ വെടിനിര്‍ത്തലിന് റഷ്യയും അമേരിക്കയും തമ്മില്‍ കരാറിലേര്‍പ്പെട്ടു. സിറിയയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയില്‍ ഇരു വന്‍ശക്തികളും തുടരുന്ന ബോംബുവര്‍ഷവും ആക്രമണവും അവസാനിപ്പിക്കാന്‍, ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടായിരുന്നു തീരുമാനം.
ഇരു രാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്പര സഹകരണവും സമാധാനവും മുന്‍നിര്‍ത്തിയുള്ളതാണെന്ന് ഇറാന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാവുമെന്ന് ഇറാന് സൈന്യത്തിലെ അഡ്മിറല്‍ അഫ്ഷിന് റിസായ് ഹാദദ് അറിയിച്ചു. പുതിയ ഒരു ശാക്തിക ചേരി രൂപപ്പെടുന്നതിന്റെ സൂചനയായാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടേയും ഇറാന്റേയും കൂടിവരുന്ന അടുപ്പത്തെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല