സ്വന്തം ലേഖകന്‍: യുകെയില്‍ ഒറ്റ ദിവസം അഞ്ച് ആസിഡ് ആക്രമണങ്ങള്‍ നടത്തിയ കൗമാരക്കാരന് അറസ്റ്റില്‍, രാജ്യത്ത് വര്‍ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് തെരേസാ മേയ്. ഒരു ദിവസം അഞ്ചിടങ്ങളില്‍ ആസിഡ് ആക്രമണം നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുകെ മെട്രോപോളിറ്റന്‍ പോലീസാണ് ലണ്ടനിലെ വിവിധയിടങ്ങളിലായി അഞ്ച് ആസിഡ് ആക്രമണങ്ങളും അതോടൊപ്പം മോഷണങ്ങളും നടത്തിയ 16 കാരനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ 15ലേറെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
യുകെയില്‍ സമീപകാലത്തായി നിരവധി പേര് ആസിഡ് ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച നിയമത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ ഒരുങ്ങുന്നുവെന്ന സൂചനയുമായി പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ തടയാനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നുവെന്നാണ് തെരേസയും ഹോം ഓഫീസും നല്കുന്ന സൂചന.
മോപ്പഡുകളില്‍ എത്തിയ രണ്ടു പേരാണ് വ്യാഴാഴ്ച ആക്രമണം നടത്തി അഞ്ചു പേരെ പരുക്കേല്‍പ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രധാന്മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ഒന്നര മണിക്കൂറോളം ഭീതി വിതച്ചായിരുന്നു ആക്രമണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്ന് ലണ്ടന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്കും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല