1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2017

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല, ജൂലൈ 25 വരെ ആലുവ സബ് ജയിലില്‍, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതോടെ റിമാന്‍ഡ് കാലാവധി തീരുന്ന ജൂലൈ 25 വരെ ദിലീപ് ആലുവ സബ്ജയിലില്‍ തുടരും. ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ വീണ്ടും ആലുവ സബ്ജയിലിലേക്ക് അയച്ചു.

ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് ദിലീപിനെ കോടതിയില്‍ എത്തിച്ചത്. മുദ്രവെച്ച കവറില്‍ കേസ് ഡയറി ഉച്ചയോടെ പൊലീസ് ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ ശക്തമായ വാദമാണ് ഇരുഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം നല്‍കിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ വാദം കോടതി അംഗീകരിച്ചു. പൊതുസമൂഹം നടിക്കൊപ്പം നിലകൊണ്ടപ്പോള്‍ അവര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ മനോനില തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിക്ക് അനുകൂലമായ പ്രചാരണം നടക്കുന്നു. എങ്കില്‍ ജാമ്യം ലഭിച്ചാല്‍ അവസ്ഥ എന്തായിരിക്കുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും തെളിവായി ഹാജരാക്കി. മുഖ്യപ്രതി പള്‍സര്‍ സുനി നടത്തിയ കുറ്റകൃത്യങ്ങളുടെ അതേ ഗൗരവമാണ് ദിലീപിന്റെ പ്രവൃത്തികള്‍ക്കുമുള്ളത്. മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കാതെ ദിലീപിന് നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, നേരത്തേ ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ തന്നെയാണ് പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ വാദിച്ചു. ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരായ തെളിവുകളായി പൊലീസ് ഹാജരാക്കിയത്. കേസ് ഡയറിയിലെ പല തെളിവും അദ്ദേഹവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു. ഇതിനിടെ, ദിലീപിന്റെ രണ്ട് ഫോണുകളും അഡ്വ. രാംകുമാര്‍ കോടതിയില്‍ ഹാജരാക്കി.

പൊലീസിനെ ഏല്‍പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നതുകൊണ്ടാണ് കോടതിയില്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധന നടത്തും. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. കോടതി നടപടി അവസാനിച്ചതോടെ 4.40 ഓടെ ദിലീപിനെ കോടതി പരിസരത്തുനിന്നും ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. പതിവുപോലെ കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ കൂക്കുവിളിയുടെ അകമ്പടിയോടെയായിരുന്നു ദിലീപിന്റെ വരവും പോക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.