സ്വന്തം ലേഖകന്‍: വിമ്പിള്‍ഡണില്‍ ഇതിഹാസമായി റോജര്‍ ഫെഡററുടെ ഉയിത്തെഴുന്നേല്‍പ്പ്, സ്വന്തമാക്കിയത് എട്ടാം കിരീടം. ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഇതിഹാസ താരമായ റോജര്‍ ഫെഡറര്‍ എട്ടാം വിമ്പിള്‍ഡന്‍ കിരീടം നേടിയത്. കലാശ പോരാട്ടത്തില്‍ 6–3, 6–1, 6–4 എന്ന സ്കോറിനായിരുന്നു ഫെഡറുടെ കിരീടധാരണം.
ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ വിമ്പിള്‍ഡന്‍ കിരീടം നേടുന്ന താരമെന്ന ബഹുമതി ഫെഡറര്‍ക്ക് സ്വന്തമായി. ഏഴു കീരീടം നേടിയ പീറ്റ് സാംപ്രാസിനെയും വില്യം റെന്‍ഷോയെയുമാണ് ഫെഡറര്‍ മറികടന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു ഫെഡറര്‍ ഫൈനലിലെത്തിയത്. ഫെഡററുടെ 11 മത് ഫൈനലായിരുന്നു ഇത്. ഇതും റെക്കോര്‍ഡാണ്. ഒരു സെറ്റ് പോലും നഷ്ടമാകാതെയായിരുന്നു ഫെഡററുടെ ഫൈനല്‍ പ്രവേശം.
കിരീട പ്രതീക്ഷയോടെ എത്തിയ ആന്‍ഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് പാതിവഴിയില്‍ കാലിടറിയപ്പോള്‍ ഫെ!ഡറര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. ആറുമാസത്തെ പരുക്കില്‍നിന്നു മുക്തനായി ജനുവരിയില്‍ തിരിച്ചെത്തിയ ഫെഡറര്‍ നേരത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല