അരുണ്ഡേല്: വെസ്റ്റ് സസക്സിലെ അരുണ്‍ഡേലിലെ തുറന്ന ജയിലില്‍ കലാപമഴിച്ചുവിട്ട തടവുപുള്ളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന് ബ്ളണ്ട് പറഞ്ഞു.
ആരൊക്കെയാണോ കുറ്റക്കാര്‍ അവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കലാപത്തെക്കുറിച്ച് വെവ്വേറെ അന്വേഷണം നടത്തും. പൊലീസും പ്രിസണ്‍ സര്‍വീസസ് വിഭാഗവും അന്വേഷണം നടത്തും. നിലവില്‍ ജയിലുകളിലെ സ്റ്റാഫ് നില പരിശോധിക്കും- കലാപം നടന്ന ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു മണിക്കൂറോളം മന്ത്രി ജയിലില്‍ ചെലവഴിച്ചു.
മേലില്‍ ഇത്തരം കലാപം യുകെയില്‍ നടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നവവത്സര രാത്രിയില്‍ തടവുപുള്ളികള്‍ മദ്യം കഴിച്ചുവെന്ന സൂചനയെത്തുടര്‍ന്ന് ശ്വാസപരിശോധനയ്ക്കു വിധേയരാവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതാണ് കലാപത്തിലേക്കു നയിച്ചത്.
അക്രമാസക്തരായ തടവുപുള്ളികള്‍ ജനലുകളും വാതിലുകളും അടിച്ചുപൊളിക്കുകയും അര്‍ദ്ധരാത്രിയോടെ ജയിലിനു തീയിടുകയുമായിരുന്നു. നാല്പതോളം തടവുകാരാണ് അക്രമം കാട്ടിയത്. ആകെയുള്ള 496 തടവുകാരെ നിയന്ത്രിക്കാന്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ആറു ജീവനക്കാര്‍ മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല