സ്വന്തം ലേഖകന്‍: ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്കിംഗിനു പിന്നില്‍ യുഎഇ ഗുരുതര ആരോപണവുമായി യുഎസ് മാധ്യമം. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നില്‍ യുഎഇയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
മേയ് 23നാണ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇന്നതെ ഖത്തര്‍ ജിസിസി പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്നത്.
ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ട ഫയല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്നും ഖത്തറിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്രിട്ടീഷ് നാഷണല്‍ കമ്മീഷന് ഫോര്‍ കോമ്പാറ്റിംഗ് ക്രൈ എന്നിവയുടെ സഹകണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നത്.
മെയ് 23ന് യുഎഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഖത്തര്‍ സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്നും പദ്ധതി നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുവെന്നും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുഎഇ സര്‍ക്കാര്‍ നേരിട്ടാണോ കൃത്യം നടപ്പാക്കിയത് മറ്റാരുടേയെങ്കിലും സഹായം തേടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഹാക്കിംഗിനു പിന്നില്‍ തങ്ങളാണെന്ന ആമേരിക്കയുടെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തി. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്വയ്ബ പറഞ്ഞു. ഖത്തര്‍ ‘പെരുമാറ്റം’ മാറ്റിയില്ലെങ്കില്‍ ജിസിസിയില്നിന്നു നീക്കേണ്ടിവരുമെന്നു യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് മുന്നറിയിപ്പ് നല്കി. ഇറാനുമായി ഖത്തര്‍ ബന്ധപ്പെടുന്നത് സൗദിഅറേബ്യക്ക് ഇഷ്ടമല്ല. അല്‍ക്വയ്ദയെ ഖത്തര്‍ സഹായിക്കുന്നു എന്നും പരാതിയുണ്ട്.ഖത്തറിലെ ഭരണാധികാരിയെ മാറ്റാനല്ല മറ്റു ജിസിസി രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗര്‍ഗാഷ് പറഞ്ഞു.
ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്കുന്നു എന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത്, യെമന്‍, മാലദ്വീപ്, കിഴക്കന്‍ ലിബിയ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്.
ഭീകരത, ഇറാന് ബന്ധം എന്നിവ ഉന്നയിച്ച് 2013 ലും 2014 ലും സൗദിയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തര്‍ അമീര്‍ ഷേക്ക് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടുവര്‍ഷവും ജിസിസി വ്യവസ്ഥകള്‍ സമ്മതിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ കരാറുകള്‍ ഒപ്പിടുകയും ചെയ്തു. ഇവ പാലിച്ചില്ലെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല