സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി, ഓഗസ്റ്റ് ഒന്നു വരെ റിമാന്‍ഡില്‍. കേസില്‍ കഥ പകുതിയെ ആയുള്ളുവെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാലാവധി നീട്ടിനല്‍കിയത്. അതേസമയം, പള്‍സര്‍ സുനിക്കും മറ്റ് പ്രതികള്‍ക്കുമായി അഡ്വ.ബി.എ ആളൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 20ന് വാദം കേള്‍ക്കും. നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കേസില്‍ പോലീസ് പറയുന്ന കാര്യങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. സുനിയുടെ മൊഴിയെന്ന നിലയില്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്രമാണുള്ളത്. സുനിക്കു പറയാനുള്ളത് രഹസ്യമൊഴിയായി കോടതി കേള്‍ക്കണമെന്നും ആളൂര്‍ പറഞ്ഞു. അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നടന്‍ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു.
ഈ കേസിലാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യുന്നത്. തൊഴില്‍ത്തട്ടിപ്പു കേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.അതേസമയം, കൊച്ചിയില്‍ നേരത്തെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല