സ്വന്തം ലേഖകന്‍: നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് മാനേജ്മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തി.
നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപന്റ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്. ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.
സമരം നടത്തിയതിന്റെ പേരില്‍ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്മെന്റുകളോട് നിര്‍ദ്ദേശിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയും വേണം. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2016 ജനുവരി 29ന് സുപ്രീകോടതി വിധി അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുളള ട്രേഡ് യൂണിയന് പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരെയും ഒന്നിച്ച് വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല