അനീഷ് ജോണ്‍ (യുക്മ പി അര് ഒ): യുകെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് ജൂലൈ 29 ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വള്ളംകളി മത്സരം പല വിദേശ രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ തവണ തന്നെ 22 ടീമുകളെ പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ മികവുറ്റ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്നതുമെല്ലാം ഒരു ചരിത്രസംഭവമായി മാറിയിരിക്കുകയാണ്. എല്ലാ ഹീറ്റ്സ് മത്സരങ്ങളിലും വീറും വാശിയും നിറഞ്ഞ കനത്ത പോരാട്ടമാകും നടക്കുവാന്‍ പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. ബോട്ട് ക്ലബുകള്‍ എല്ലാം തന്നെ പ്രാദേശിക തടാകങ്ങളിലും മറ്റുമായി ട്രെയിനിങ് പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ്.
ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്സ് മത്സരങ്ങളില്‍ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. ആകെ മത്സരിക്കുന്നതിനുള്ള 22 ടീമുകള്‍ ആറ് ഹീറ്റ്സുകളിലായിട്ടാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കും. ആറ് ഹീറ്റ്സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഈ വള്ളംകളി മത്സരത്തില്‍ നിന്നും പുറത്താവും. മറ്റ് 16 ടീമുകള്‍ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും.
വള്ളംകളിയുടെ മൂന്നാം ഹീറ്റ്സ് മത്സരങ്ങളും ഏറെ വാശിയേറിയതാവും. കുമരകം, മമ്പുഴക്കരി, ആയാപറമ്പ്, പുളിങ്കുന്ന് എന്നീ ടീമുകളാണ് മൂന്നാം ഹീറ്റ്സില്‍ ഏറ്റുമുട്ടുന്നത്. ഏതെല്ലാം ടീമുകളാണ് സെമി ഫൈനല്‍ റൗണ്ടിലേയ്ക്ക് കടന്നു കയറുന്നതെന്നുള്ളത് പ്രവചനാതീതമാണ്.
കുമരകം വള്ളത്തെ തുഴയാനെത്തുന്നത് കരുത്തരായ ഇടുക്കി ബോട്ട് ക്ലബ് ആണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ അമരക്കാരന് പീറ്റര്‍ താണോലില്‍ നേതൃത്വം നല്കുന്ന ടീം വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മലയോര കരുത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന് മറ്റ് ടീമുകള്‍ക്കാവില്ലെന്ന പ്രഖ്യാപനത്തോടെയാണ് ടീം ഇടുക്കി മത്സരരംഗത്തേയ്ക്ക് കടന്നു വന്നിരിക്കുന്നത്.
മമ്പുഴക്കരി വള്ളം തുഴയാനെത്തുന്നതാവട്ടെ എസക്സിലെ ബാസില്ഡണ് ബോട്ട് ക്ലബ്, ബാസില്ഡണ് ആണ്. ക്യാപ്റ്റന്‍ ജോസ് കാറ്റാടിയുടെ നേതൃത്വത്തില്‍ മികവുറ്റ കായികതാരങ്ങളെ അണിനിരത്തിയാണ് ഇവര്‍ അങ്കത്തട്ടിലിറങ്ങുന്നത്. യു.കെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ബാസില്‍ഡല്‍ മുന്‍പും നിരവധി കലാ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്. കേരളത്തിലെ ഈ സീസണിലെ വള്ളംകളിയുടെ തുടക്കം കുറിച്ചുള്ള ചമ്പക്കുളം മൂലം വള്ളംകളിയില്‍ ജേതാക്കളായ പ്രശസ്തമായ ആയാപറമ്പ് എന്ന പേരിലുള്ള വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് ഹേവാര്‍ഡ്സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്സ് ഹീത്ത് ആണ്. സജി ജോണ്‍ ക്യാപ്റ്റനായിട്ടുള്ള ഹേവാര്‍ഡ്സ് ബോട്ട് ക്ലബ് ആവട്ടെ വള്ളം കളിയോടൊപ്പം വഞ്ചിപ്പാട്ടിന്റെയും പ്രാക്ടീസ് നടത്തി വരുന്നു. സസക്സിലെ ഈ കരുത്തുറ്റ ടീമും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
ചരിത്രപ്രസിദ്ധമായ പുളിങ്കുന്ന് വള്ളം തുഴയാനെത്തുന്നത് ഈ മത്സരത്തില്‍ ഏറ്റവുമധികം ദൂരെ നിന്നെത്തുന്ന ക്ലബ് ആണ്. വള്ളം കളിയുടെ ആവേശം യു.കെയിലെമ്പാടുമെത്തിയെന്ന വാസ്തവം മനസ്സിലാക്കണമെങ്കില്‍ സ്ക്കോട്ട്ലാന്റില്‍ നിന്നുള്ള മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്ക്കോ മത്സരിക്കാനെത്തുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. മാത്യു ചാക്കോ ക്യാപ്റ്റനായിട്ടുള്ള ഈ സ്ക്കോട്ടിഷ് ടീം പുളിങ്കുന്ന് തുഴയാനെത്തുന്നതും കിരീട പ്രതീക്ഷയോടെയാണ്. ഹീറ്റ്സ് നാല് ആവട്ടെ ഏറ്റവും വാശിയേറിയ ഹീറ്റ്സ് മത്സരങ്ങളിലൊന്നാവുമെന്ന് ഇതിനോടകം തന്നെ ഉറപ്പായി കഴിഞ്ഞിട്ടുള്ളതാണ്. രാമങ്കരി, കാരിച്ചാല്‍, കൈപ്പുഴ, മങ്കൊമ്പ് എന്നീ വള്ളങ്ങളാണ് നാലാം ഹീറ്റ്സില്‍ മാറ്റുരയ്ക്കാനെത്തുന്നത്. എല്ലാ ടീമുകളും തന്നെ കരുത്തന്മാരും.
രാമങ്കരി വള്ളം തുഴയാനെത്തുന്നത് മിഡ്ലാന്റ്സിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ സി.കെ.സിയുടെ ചുണക്കുട്ടികളാണ്. കവന്‍ട്രി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നീറ്റിലിറങ്ങുന്ന ടീമിന്റെ ക്യാപ്റ്റനാവട്ടെ സി.കെ.സി പ്രസിഡന്റ് കൂടിയായ ജോമോന് ജേക്കബ് ആണ്. മത്സരം നടക്കുന്ന വാര്‍വിക്ഷെയര്‍ കൗണ്ടിയില്‍ നിന്നുള്ള ഏക ടീമും കവന്‍ട്രി ബോട്ട് ക്ലബ് തന്നെയാണ്. ചിട്ടയായ പരിശീലനം നടത്തി വരുന്ന സി.ബി.സി കിരീടം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്.
എന്നാല്‍ ചരിത്രപ്രസിദ്ധമായ കാരിച്ചാല്‍ വള്ളം തുഴയാനെത്തുന്നത് യു.കെയില്‍ ചരിത്രം കുറിച്ചിട്ടുള്ള തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ ആണ്. മത്സരം വടംവലി ആയിരുന്നെങ്കില്‍ മറ്റൊരു വിജയിയെ പ്രതീക്ഷിക്കുകയേ വേണ്ടെന്ന തലത്തിലേയ്ക്ക് കരുത്ത് ആര്‍ജിച്ചിട്ടുള്ള ടീമാണ് തെമ്മാടീസ്. നോബി. കെ. ജോസിന്റെ നേതൃത്വത്തില്‍ അങ്കത്തട്ടിലിറങ്ങുന്ന തെമ്മാട്ടീസ് ആവട്ടെ വടംവലി ആയാലും വള്ളംകളിയായാലും കിരീടം തങ്ങള്‍ക്ക് സ്വന്തമാണെന്ന ആത്മവിശ്വാസത്തിലും.
കൈപ്പുഴ വള്ളം തുഴയാനെത്തുന്നത് കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്ഫോര്‍ഡ് ആണ്. മലയാളി അസോസിയേഷന് പ്രസിഡന്റ് കൂടിയായ ജിബി ജോസഫ് ക്യാപ്റ്റനായിട്ടുള്ള ടീം, കുട്ടനാട് സ്വദേശികള്‍ ഉള്‍പ്പെടെ പരിചയസമ്പന്നരെ ഉള്‍പ്പെടുത്തിയാണ് പോരാട്ടത്തിനെത്തുന്നത്.
റോവിങ് കമ്പക്കാരായ ഡോക്ടര്‍മാരും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും ചേരുന്ന ടീമാണ് മങ്കൊമ്പ് വള്ളം തുഴയാനെത്തുന്നത്. ഡോ. വിമല്‍ കൃഷ്ണന് ക്യാപ്റ്റനായിട്ടുള്ള പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍ പരിചയസമ്പന്നരും യുവനിരയും ഒന്നിച്ചു ചേര്‍ന്നാല്‍ യു.കെയിലെ ഏത് വമ്പന്‍ ടീമിനേയും അട്ടിമറിയ്ക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് രംഗത്ത് ഇറങ്ങുന്നത്.
ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍, സൈക്ലിങ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്മാന്): 07885467034, സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല