സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന സംഘര്‍ഷം, യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ പക്കല്‍ 15 മുതല്‍ 20 വരെ ദിവസം പിടിച്ചു നില്‍ക്കാനുള്ള ആയുധ ശേഷി മാത്രമെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന് അതിര്‍ത്തിയായ ദോക് ലാമില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയുടെ യുദ്ധ ഭീഷണി തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടെയും യുദ്ധസാമഗ്രികളുടെയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് സിഐജി റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒരു യുദ്ധ സാഹചര്യം നേരിടേണ്ടി വന്നാല്‍ പ്രതിരോധിക്കാന്‍ സൈന്യത്തിന് സാധിച്ചേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധ സേനയുടെ ആയുധ ശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് രണ്ടു വര്‍ഷത്തിനിടയില്‍ പുറത്തു വന്നിരിക്കുന്നത്. 1520 ദിവസം നീണ്ടു നില്ക്കുന്ന ഒരു യുദ്ധ സാഹചര്യം പോലും നേരിടാനുള്ള കരുത്ത് ഇന്ത്യയ്ക്കില്ലെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര നേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്. ബാക്കി 10 ശതമാനം മറ്റെവിടെ നിന്നെങ്കിലും വാങ്ങണം. എന്നിരിക്കെ സൈന്യം മുന്‍കൈ എടുത്ത് ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഉറി ആക്രമണം നേരിടാനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്.അതിനു പിന്നാലെ ആയുധ ശേഖരത്തില്‍ വന്‍ ദൗര്‍ലഭ്യം ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ മന്ത്രാലയമോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല