സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ ഭാവി തുലാസില്‍, സുപ്രീം കോടതി വിധി ഉടന്‍, ഷെരീഫ് രജിവക്കുമെന്ന് അഭ്യൂഹം. പാനമഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നു മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പിന്നീടു പ്രഖ്യാപിക്കുമെന്നു പറഞ്ഞ കോടതി ഇതിനു കൃത്യതീയതി നിശ്ചയിച്ചില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിധി ഉണ്ടാവുമെന്നാണു കരുതുന്നത്.
ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തത്കാലത്തേക്കെങ്കിലും തിരശീല വീഴും. കേസ് പുനരന്വേഷണത്തിനായി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു കൈമാറണമെന്നു വിധിച്ചാല്‍ അദ്ദേഹത്തിനു തത്കാലം പദവിയില്‍ തുടരാം. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര യോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. നവാസിന്റെ സഹോദരനും പാക് പഞ്ചാബ് മുഖ്യനുമായ ഷഹബാസ് ഷരീഫ്, ഫെഡറല്‍ മന്ത്രിമാര്‍, നിയമോപദേഷ്ടാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സുപ്രീം കോടതി വിധി എതിരാവാനുള്ള സാധ്യത പരിഗണിച്ച പിഎംഎല്‍ എന്‍ പാര്‍ട്ടിയുടെ ഉന്നതതല യോഗം ഇടക്കാല പ്രധാനമന്ത്രി ആരാവണമെന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തി. പ്രതിരോധമന്ത്രി ഖാജാ അസിഫായിരിക്കും ഇടക്കാല പ്രധാനമന്ത്രിയെന്നു ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സ്പീക്കര്‍ സര്‍ദാര്‍ അയസ് സാദിക്ക്, പെട്രോളിയം മന്ത്രി ഷഹീദ് അബ്ബാസി എന്നിവരുടെ പേരുകളും പരിഗണിച്ചു. അസിഫിനാണു സാധ്യത കൂടുതലെന്നു കരുതപ്പെടുന്നു. ഷരീഫിന്റെ സീറ്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്നതുവരെയായിരിക്കും അസിഫ് ചുമതല വഹിക്കുക. 45 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു വ്യവസ്ഥ.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം മുഖേന കള്ളപ്പണം വെളുപ്പിച്ച് ഷരീഫ് കുടുംബം വിദേശത്തു സ്വത്തുവാങ്ങിക്കൂട്ടിയെന്നാണ്ആരോപണം. സംയുക്ത അന്വേഷണ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നാണ് ഷരീഫിന്റെ വാദം. നിയമാനുസൃതമായാണു സ്വത്തു സന്പാദിച്ചതെന്നു വ്യക്തമാക്കിയ ഷരീഫ് രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. പാക് സൈന്യം ഷരീഫിനെതിരാണെന്നും ഏതും നിമിഷവും പട്ടാള അട്ടിമറി നടത്തി അധികാരം പിടിക്കാന്‍ സജ്ജമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല