സ്വന്തം ലേഖകന്‍: ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം. പുരാതനമായ പള്ളിയില്‍ പലസ്തീന് യുവാക്കള്‍ പ്രാര്ഥിക്കാനെത്തുന്നതിന് വിലക്കിയതു ചോദ്യംചെയ്ത ഒരു ബാലനും രണ്ടു യുവാക്കളുമടക്കം മൂന്നു പലസ്തീന്‍കാരെ വധിച്ച ഇസ്രയേല്‍ സൈന്യത്തിനെതിരെ ജനരോഷം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്റസ് ശക്തമായി അപലപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമുട്ടുലുകള് ഒഴിവാക്കാന്‍ ഇസ്രയേല്പലസ്തീന് നേതാക്കള്‍ ഇടപെടണമെന്നും ഗുട്ട്റസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ നടപടിക്കെതിരെ മറ്റു രാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം അല്‍ അഖ്സ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി പലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് പറഞ്ഞു.
വിലക്കിനെതിരെ പലസ്തീനില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വെള്ളിയാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് മെഹ്മൂദ് അബ്ബാദ് നയം വ്യക്തമാക്കിയത്. പള്ളിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ പലസ്തീന് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് മെഹ്മൂദ് അബ്ബാദ് പറഞ്ഞു. അല്‍ അഖ്സ പള്ളി ഉള്‍പ്പെടുന്ന ജറുസലേം മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ നടപടി.
പള്ളിയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ പള്ളിക്ക് പുറത്തുള്ള കൂട്ടപ്രാര്‍ഥനകളും പ്രതിഷേധവും തുടരുമെന്ന് ജറുസലേമിലെ മുസ്ളിം ആത്മീയ നേതാവ് മുഹമ്മദ് ഹുസൈന് പറഞ്ഞു. ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ ആത്മസംയമനത്തോടെ ദീര്‍ഘകാലം പോരാടാന്‍ അദ്ദേഹം പ്രക്ഷോഭകരോട് ആഹ്വാനം ചെയ്തു. പള്ളിക്ക് പുറത്ത് തെരുവില്‍ സമാധാനപരമായി കൂട്ടപ്രാര്‍ഥനയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തതെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ കിഴക്കന്‍ ജറുസലേമില്‍ 18കാരനായ മുഹമ്മദ് മഹ്മൂദ് ഷരാഫിനെ വെടിവെച്ചു കൊലപ്പെടത്തിയത് ഇസ്രയേല്‍ പൌരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. ജറുസലേമില്‍ പ്രതിഷേധപ്രകടനത്തിനെതിരെ നടത്തിയ വെടിവയ്പ്പിലാണ് പലസ്തീന് യുവാവ് മുഹമ്മദ് ഹസന് അബു ഘാനം കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിനു സമീപം വച്ചാണ് 17കാരനായ പലസ്തീന്ബാലനെ ഇസ്രയേല്‍ സേന വധിച്ചത്.
വെള്ളിയാഴ്ച നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട 22 പലസ്തീന് പൌരന്മാരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ, വെസ്റ്റ്ബാങ്കില്‍ പലസ്തീന്കാരന് മൂന്ന് ഇസ്രയേലുകാരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേലി പൊലീസ് അറിയിച്ചു. അല്‍ അഖ്സ പള്ളിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റല്‍ ഡിറ്റക്ടറുകളും ചാരക്യാമറകളും സ്ഥാപിച്ചതെന്നാണ് ഇസയേലിന്റെ വിശദീകരണം. പലസ്തീന്‍കാരുടെ അക്രമപ്രവര്‍ത്തനത്തിലൂടെ ഇസ്രയേലിന്റെ നിലപാടില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല