സ്വന്തം ലേഖകന്‍: സാധാരണക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന സൗദി രാജകുടുംബാംഗത്തിന്റെ വീഡിയോ പുറത്ത്, പിന്നാലെ അറസ്റ്റും. സൗദി രാജകുടുംബാംഗമായ ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ മസൂദ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് ഒരാള്‍ക്കു നേരെ നോക്കു ചൂണ്ടുകയും മറ്റൊരാളെ അടിക്കുകയും ചെയ്യുന്ന വീഡിയോയാണ് യൂട്യൂബില്‍ പ്രചരിച്ചത്. തരംഗമായ ക്ലിപ്പുകളില്‍ ഒന്നില്‍ വിസ്കി ബോട്ടിലുകളും ഉണ്ടായിരുന്നു. ‘പൗരന്മാര്ക്കുനേരെയുള്ള രാജകുമാരന്റെ അതിക്രമം’ എന്നര്‍ത്ഥം വരുന്ന അറബിക് ഹാഷ്ടാഗോടുകൂടിയാണ് ഈ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടത്.
ട്വിറ്ററിലും ഫേസ്ബുക്കിലുമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളില്‍ ചിലതിലെങ്കിലും രാജ കുടുംബാംഗത്തിന്റെ മുഖം കാണാമായിരുന്നു. കസേരയില്‍ ഇരിക്കുകയായിരുന്ന ഒരാളെ നെഞ്ചിലും മുഖത്തും ആഞ്ഞുചവിട്ടുന്നതും മുഖത്തു നിന്നും ദേഹത്തുനിന്നും രക്തം ചിന്തിയിട്ടും വിടാതെ വീണ്ടും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വസ്ത്രത്തില്‍ നിറയെ രക്തം പുരണ്ടുകിടക്കുന്നതും ഇയാള്‍ക്കു നേരെ സൗദി രാജകുമാരന് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.
ഇത്തരത്തില്‍ ആളുകളെ ഉപദ്രവിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സൗദി രാജകുമാരനെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. വിഷയം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടിയുമായി ഭരണകൂടം രംഗത്തെത്തിയത്. സൗദി സല്മാന് രാജാവിന്റെ ഉത്തരവനുസരിച്ച് പിന്നീട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ സംഘം നടത്തിയ അക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിയമം അനുശാസിക്കുന്ന ശക്തമായ ശിക്ഷ നല്‍കണമെന്നും രാജാവ് നിര്‍ദേശിച്ചു. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം വകവെച്ച് നല്‍കാനും രാജാവ് ഉത്തരവിട്ടിട്ടുണ്ട്. 1964 ല്‍ സൗദിയില്‍ അരങ്ങേറിയ കൊട്ടാര വിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും എല്ലാനിലയ്ക്കും ഒതുക്കപ്പെടുകയും ചെയ്ത സൗദി രാജാവ് സഊദിന്റെ തലമുറയില്‍പ്പെട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ അമീര്‍ സഊദെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല