സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും വംശീയ അക്രമം, മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂറി മര്‍ദ്ദിച്ചതായി പരാതി. ശിരോവസ്ത്രം അണിഞ്ഞ മുസ്ലിം സ്ത്രീക്കുനേരെ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ വച്ചാണ് അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റേഷനില്‍ സാധനം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന അനിസോ അബ്ദുല്‍ ഖാദര്‍ എന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്.
അനിസോയുടെ ശിരോവസ്ത്രത്തിനു മേല്‍ കയറിപ്പിടിച്ച ഒരാള്‍ ബലം പ്രയോഗിച്ച് അവരെ വലിച്ചിഴക്കുകയും അവരുടെ കൂട്ടുകാരിയെ മതിലിനോടുചേര്‍ത്ത് ഞെരിച്ചമര്‍ത്തി മുഖത്ത് തുപ്പുകയും ചെയ്തുവെന്നാണ് പരാതി. ഈ മാസം 16ന് നടന്ന സംഭവം യുവതി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. തന്നെ ആക്രമിച്ചയാളുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ തങ്ങളെ വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ചതായും അവര്‍ പറയുന്നു.
എന്നാല്‍, സംഭവം നിഷേധിച്ച് ഫോട്ടോയിലെ അക്രമി രംഗത്തു വന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വംശീയാതിക്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ബ്രിട്ടീഷ് പൊലീസ് വക്താവ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരര്‍ഥത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ തീവ്രവാദി ആക്രമണത്തിനുശേഷം തലസ്ഥാനത്ത് മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല