സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറയുന്നത്. കേസിലെ 11 മത്തെ പ്രതിയാണ് ദിലീപ്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച ഹര്‍ജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യാപേക്ഷ തിങ്കളാഴ്ച അങ്കമാലി കോടതിയും പരിഗണിക്കും. നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് സുനി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന്, ജസ്റ്റിസ് സുനില്‍ തോമസ് വിധിപറയാന്‍ തിങ്കളാഴ്ചത്തേക്കു മാറ്റി.
നടിയെ ആക്രമിച്ച കേസ് ചരിത്രത്തിലെ ആദ്യ ലൈംഗിക അതിക്രമ ക്വട്ടേഷന്‍ കേസാണെന്നും സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍നായര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ സാക്ഷിമൊഴികളും ദിലീപിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയിലുള്ളവരായതിനാല്‍ ദിലീപ് പുറത്തിറങ്ങിയാല്‍ അവരെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം. മുദ്രവച്ച കവറില്‍ കേസ്ഡയറിയും ഹാജരാക്കി.
അതേസമയം, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും മറ്റു നാലുപേരെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതി. ഇതിന് സുനിയെ സഹായിച്ചവരാണ് മറ്റു നാലുപേര്‍. കേസില്‍ തെളിവെടുപ്പും പൂര്‍ത്തിയായി. സുനിയുടെ പൊലീസ് കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല