സ്വന്തം ലേഖകന്‍: മന്ത്രത്തകിട്, ചരടുകള്‍, മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ഒഴിവാക്കുക, സൗദിയില്‍ ജോലി തേടി പോകുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുതെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ആഭിചാര പ്രയോഗവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും കയ്യില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സൗദിയില്‍ നിരോധിച്ച വസ്തുക്കളൊന്നും യാത്രയില്‍ കരുതരുതെന്നാണ് നിര്‍ദ്ദേശം.
നിരോധിച്ച വസ്തുക്കള്‍ കയ്യില്‍ കരുതരുത്. കൂടാതെ അശ്ലീല ദൃശ്യങ്ങള്‍ ഫോണിലോ ലാപ്ടോപ്പിലോ ഉണ്ടാകാന്‍ പാടില്ല. സൗദിയില്‍ പാലിക്കേണ്ട നിയമങ്ങളും അവ തെറ്റിച്ചാല്‍ ലഭിക്കുന്ന ശിക്ഷയും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. മന്ത്രവാദം, ക്ഷുദ്രക്രിയ എന്നിവയും സൗദിയില്‍ നിരോധിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാനിടയുണ്ട്. മന്ത്രത്തകിടുകളും കറുത്ത ചരടും കയ്യില്‍ കരുതാന്‍ പാടുള്ളതല്ല.
മയക്കുമരുന്ന്, പന്നിയിറച്ചി ഉള്‍പ്പെടുന്ന ആഹാര വസ്തുക്കള്‍, കസ്ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവയും കൊണ്ടു പോകാന്‍ പാടില്ല. ജോലി കരാര്‍ കൈമാറാതെയും അന്യായ തുക ആവശ്യപ്പെട്ടും റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളെ കബളിപ്പിക്കുന്നതിന് എതിരായ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സൗദി നിയമപ്രകാരം വിദേശത്ത് നിന്നും എത്തുന്ന തൊഴിലാളികളുടെ വിസ, ടിക്കറ്റ് എന്നിവയ്ക്കാവശ്യമായ തുക മുടക്കേണ്ടത് തൊഴില്‍ദാതാക്കളാണ്.
ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും എഴുതി നല്‍കിയിരിക്കണം. എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും സൗദി സര്‍ക്കാര്‍ സൗജന്യമായി സിം കാര്‍ഡ് നല്‍കുന്നുണ്ട്. അതിനാല്‍ സൗദിയിലേക്ക് പോകുമ്പോള്‍ ഫോണ്‍ കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. സൗദിയിലേക്ക് പോകുന്ന തൊഴിലാളികളെ അവിടുത്തെ നിയമം, തൊഴില്‍ കരാര്‍ എന്നിവയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഈ പുതുക്കിയ നിര്‍ദേശങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല