സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമവുമായി മേഖലയില്‍ പര്യടനം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദീവാനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമത്തെ ഇരു നേതാക്കളും പ്രത്യേകം അഭിനന്ദിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിന്റെ നേതൃത്വത്തിലാണ് ഉര്‍ദുഗാനെ സ്വീകരിച്ചത്. തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ സാലം മുബാറക് ശാഫി സാലം അല്‍ശാഫി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഫികറത് ഒസര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. വിദേശ കാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലു, ധനമന്ത്രി നിഹാത്ത് സെബെക്കി, ഊര്‍ജ പ്രകൃതി വിഭവ മന്ത്രി ബെയ്റാത്ത് അല്‍ബയ്റക്, പ്രതിരോധ മന്ത്രി നുററ്റിന് കാനിക്ലി, ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഹുലുസി അകര്‍, നാഷനല്‍ ഇന്റലിജന്‍സ് ഓര്ഗനൈസേഷന് മേധാവി ഹകന്‍ ഫിദാന്‍ എന്നിവരും ഉര്ദുഗാനൊപ്പമുണ്ടായിരുന്നു.
മേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത പരിശ്രമത്തെ നേതാക്കള്‍ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. പ്രാദേശിക അന്തര്‍ദേശീയ പ്രയത്നത്തിലൂടെയാണ് എല്ലാ അര്‍ഥത്തിലുമുള്ള ഭീകരതയെയും അതിന്റെ ഫണ്ടിങിനെയും തടയേണ്ടതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഖത്തറും തുര്‍ക്കിയും തമ്മിലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും രാഷ്ട്ര നേതാക്കള്‍ സംസാരിച്ചു. പ്രതിരോധ, സൈനിക, സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇറാഖ്, യമന്‍ പ്രശ്നങ്ങളും ഇരുവരുടെയും ചര്‍ച്ചാ വിഷയമായി.
ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും മറ്റ് മന്ത്രിമാരും തുര്‍ക്കി ഉന്നത പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഉര്ദുഗാന് ഇന്നലെ ഖത്തറിലെത്തിയത്. ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുകയാണ് പ്രതിസന്ധി പരിഹാരത്തിനു ആദ്യം ചെയ്യേണ്ടതെന്നാണ് തുര്‍ക്കിയുടെ നിലപാടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുദ് കാവുസൊഗ്ലു അല്‍ജസീറയോട് പറഞ്ഞു. അതിനു ശേഷം ഏത് ഉപാധികളും ചര്‍ച്ച ചെയ്യാവുന്നതാണ്.
ഗള്‍ഫ് പ്രതിസന്ധിയിലുള്പ്പെട്ട രാജ്യങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്നു നേരിട്ട് ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാകുന്നില്ലെന്നതാണ് പരിഹാരത്തിനു മുന്നിലെ ഏറ്റവും വലിയ തടസ്സം. ഇതിന് അവസരമൊരുക്കാന്‍ തുര്‍ക്കി പരിശ്രമിച്ചു വരികയാണ്. അധികം വൈകാതെ തന്നെ അതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, അമീറും ഉര്‍ദുഗാനും തമ്മിലെ ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഇരുഘടകങ്ങളെയും ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച സൗദി ഭരണധികാരി സല്മാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ജിദ്ദയില്‍ ഉര്ദുഗാന് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഗള്‍ഫ് പ്രതിസന്ധിയിലെ പ്രധാന മധ്യസ്ഥനായ കുവൈത്തിലെത്തിയ അദ്ദേഹം അമീര്‍ ശെയ്ഖ് സബാഹ് അല്‍അഹ്മദ് അല്സബാഹുമായും കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല