സ്വന്തം ലേഖകന്‍: രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍. ഉച്ചയ്ക്ക് 12.15 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന് തുടങ്ങിയവരടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
കീഴ്വഴക്കങ്ങള് അനുസരിച്ച് സൈനികരുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തുന്ന കോവിന്ദ് സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിക്കും. അവിടെനിന്ന് ഇരുവരും ഒന്നിച്ചാണ് സെന്‍ട്രല്‍ ഹാളിലെത്തുക. ലോക്സഭയിലെയും രാജ്യസഭയിലെയും അധ്യക്ഷന്മാര് ചേര്‍ന്ന് ഇവരെ സ്വീകരിക്കും. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലാണു സത്യപ്രതിജ്ഞ. പിന്നാലെ 21 ആചാര വെടികള്‍ മുഴങ്ങും.
തുടര്‍ന്ന് അധികാരമേറ്റ പ്രസിഡന്റ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി ഭവനിലെത്തുന്ന കോവിന്ദിനെ ഗാര്‍ഡ് ഓഫ് ഓണറോടെയാണു സ്വീകരിക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പിന്‍ഗാമിക്ക് രാഷ്ട്രപതി ഭവന് പരിചയപ്പെടുത്തും. പ്രണബിന്റെ പുതിയ വസതിയായ 10, രാജാജി മാര്‍ഗിലേക്ക് കോവിന്ദും അനുഗമിക്കും. രാഷ്ട്രപതിപദം ഒഴിഞ്ഞശേഷം ഡോ. എ.പി.ജെ. അബ്ദുല്‍ കലാം താമസിച്ചിരുന്നത് ഈ വസതിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല