സ്വന്തം ലേഖകന്‍: ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോഴ്സിക്ക ദ്വീപിലെ പര്‍വതമേഖലയില്‍ മൂന്നു ദിവസമായി പടരുന്ന കാട്ടുതീയില്‍ ഇതിനകം ആയിരം ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണയ്ക്കുന്നതിന് ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ എട്ട് അഗ്നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. വേനല്‍ കാലത്ത് ധാരാളം ആളുകള്‍ എത്തുന്ന പ്രദേശത്തിന് സമീപമാണ് തീ ആളിപ്പടര്‍ന്നത്. ഇതിനാല്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് രാത്രിയോടെ 12,000 ത്തോളം പേരെ ഒഴിപ്പിച്ചത്. കനത്ത ചൂടില്‍ വൃക്ഷങ്ങള്‍ ഉണങ്ങിയതും കനത്ത കാറ്റുമാണ് തീ പടരാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം നാലായിരത്തോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാനായി രംഗത്തിറങ്ങി. ഇറ്റലിയില്‍നിന്ന് തീയണക്കുന്ന സജ്ജീകരണങ്ങളുമായി സംഘമെത്തിയിട്ടുണ്ട്. സംഭവത്തില്‍ 12 അഗ്നിശമന സേനാംഗങ്ങള്‍ക്കും 15 പൊലീസുകാര്‍ക്കും പരിക്കേറ്റിതായാണ് റിപ്പോര്‍ട്ടുകള്‍. മെഡിറ്ററേനിയന്‍ തീരത്തെ 4000 ഹെക്ടര്‍ വനപ്രദേശം ഇതിനകം കാട്ടുതീ ചാരമാക്കിയതായാണ് അധികൃതരുടെ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല