സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ സംഘര്‍ഷം യുഎസ് മുതലെടുക്കാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. സിക്കിം അതിരിത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം കൂട്ടാനാണ് യുഎസ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് യുഎസ് മാധ്യമം ലേഖനമെഴുതിയ സാഹചര്യത്തിലാണ് വിമര്‍ശനം.
സിക്കിം അതിര്‍ത്തി പ്രശ്നത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കണമെന്നുകാട്ടി ‘വാഷിങ്ടന്‍ എക്സാമിനര്‍’ എന്ന മാധ്യമത്തിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ചൈനയുടെ കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇന്ത്യയ്ക്കും യുഎസിനും സാധിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. ലോകത്ത് എവിടെ സംഘര്‍ഷമുണ്ടായാലും അവിടെ യുഎസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാല്‍, അവര്‍ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കുന്ന അവസരങ്ങള്‍ വളരെക്കുറവാണ്. ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്നതിനാണ് ചിലരുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.
ഒരു തുള്ളി വിയര്‍പ്പു ചിന്താതെ തന്ത്രപരമായി ലാഭം കൊയ്യാമെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ–ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധത്തിലേക്കെത്തുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസില്‍ പറയുന്നു.ഇന്ത്യയോട് പ്രത്യേക താല്പര്യമാണ് യുഎസിനുള്ളത്. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു പിന്നില്‍ യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും കരങ്ങളുമുണ്ടായിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല