അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരുന്ന യു.കെ മലയാളികള്‍ക്കായി സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കൊമ്പനാനയുടെ ഗാംഭീര്യത്തോടു കൂടിയുള്ള ഗജരാജന്‍ നീലഗിരി കണ്ണന്, ചുണ്ടന് വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള അമരവും അണിയവും, മാഞ്ചസ്റ്ററില്‍ നിന്നും 40 അംഗ ശിങ്കാരി മേളം, അവതരണഗാനവും നൃത്തകലാ രൂപങ്ങളും ഉള്‍പ്പെടെ മത്സരങ്ങളുടെ ഇടവേളകളില്‍ വേദിയില്‍ മാസ്മരിക പ്രകടനം നടത്തുവാന്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇനങ്ങളും, പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള അതിവിപുലമായ സ്ഥിരം പ്ലേ ഏരിയായ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാര്‍ണിവലും ഉണ്ടായിരിക്കുന്നതാണ്.
യു.കെയിലാദ്യമായി മലയാളി സമൂഹത്തിനിടയ്ക്ക് അവതരിപ്പിക്കപ്പെടുന്ന ഗജരാജന്‍ നീലഗിരി കണ്ണന്, യഥാര്‍ത്ഥ കൊമ്പനാനയുടെ തലയെടുപ്പും ഗാംഭീര്യവുമുള്ള മെക്കാനിക്കല്‍ ആനയാണ്. ശരാശരി യഥാര്‍ത്ഥ ആനകളുടെ വലുപ്പമായ രണ്ടര മീറ്റര്‍ ഉയരവും നാല് മീറ്ററോളും നീളവുമുള്ള നീലഗിരി കണ്ണന് നെറ്റിപ്പട്ടവും അണിഞ്ഞ് മുത്തുക്കുടകളുടെ അകമ്പടിയില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ ഡ്രേക്കോട്ട് പാര്‍ക്കില്‍ സജ്ജമായിരിക്കും. ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ആനപ്പുറത്ത് കയറുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇത് പാസ്സ് അനുസരിച്ച് നിയന്ത്രണവിധേയമായിരിക്കും. മെക്കാനിക്കല്‍ ആന എന്ന നിലയില്‍ തുമ്പികൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുക, തുമ്പികൈയ്യില്‍ നിന്നും വെള്ളം സ്പ്രേ ചെയ്യുക, തലയും ചെവിയും ഇളക്കിക്കൊണ്ട് നില്ക്കുക, ചിന്നം വിളിക്കുക തുടങ്ങി സാധാരണ ആനകള്‍ ചെയ്യുന്ന തരത്തില്‍ നീലഗിരി കണ്ണന് പ്രവര്‍ത്തിക്കുന്നതാണ്. ആനയെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക് നീക്കുന്നതിനായി ചക്രങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. യു.കെയില്‍ തന്നെ വളരെ അപൂര്‍വമാണ് മെക്കാനിക്കല്‍ ആനകള്‍. മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് മെക്കാനിക്കല്‍ ആന എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ ഡ്രേക്കോട്ട് പാര്‍ക്കില്‍ നീലഗിരി കണ്ണനെ എത്തിക്കുകയുണ്ടായി. ഇവന്റ് സ്വാഗതസംഘം ചെയര്മാന് മാമ്മന്‍ ഫിലിപ്പ്, ഭാരവാഹികളായ റോജിമോന്‍ വറുഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, ഡിക്സ് ജോര്‍ജ്, പോള്‍സണ്‍ മാത്യു, ദീപേഷ് സ്ക്കറിയ, ഷാജു ബാന്‍ബറി എന്നിവരുടെ നേതൃത്വത്തില്‍ ആനയെ ഏറ്റുവാങ്ങി. ഇവന്റ് ദിവസം നീലഗിരി കണ്ണന്റെ ചുമതല സുരേഷ്കുമാര്‍ നോര്‍ത്താംപ്ടണ്‍ ആയിരിക്കും. ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയ റോതര്‍ഹാം നീലഗിരി റെസ്റ്റോറന്റ് ഗ്രൂപ്പാണ് മെക്കാനിക്കല്‍ ആനയെ വാങ്ങുന്നതിന് സ്പോണ്സര് ചെയ്തത്.
ചുണ്ടന് വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുത്തുകൊണ്ടാണ് ഈ വള്ളംകളിയെ പൂര്‍ണ്ണമായും കേരളീയവത്കരിക്കുന്നതിനുള്ള പരിശ്രമം സംഘാടകസമിതി നടത്തിയത്. അതില്‍ എത്രമാത്രം വിജയിച്ചുവെന്ന് വ്യക്തമാകണമെങ്കില്‍ വള്ളംകളി മത്സരം നടക്കേണ്ടതുണ്ട്. എന്നാല്‍ ചുണ്ടന് വള്ളങ്ങളുടെ അമരവും അണിയവും മാതൃകയില്‍ തടിയില്‍ നിര്‍മ്മിച്ച് യു.കെയില്‍ ലഭ്യമായ ബോട്ടുകളുടെ നിറമായ വെള്ള പെയിന്റ് ചെയ്ത് മറ്റ് അലങ്കാരങ്ങളും പിടിപ്പിച്ചാണ് അമരവും അണിയവും നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ശനമായ സേഫ്റ്റി നിയമങ്ങള്‍ പാലിക്കേണ്ടതിനാലും ഭംഗിയും പ്രൗഡിയും നിലനിര്ത്തേണ്ടതിനുമാണ് ഇവ തടിയില്‍ നിര്‍മ്മിച്ചത്. ഫൈബര്‍ ഉള്‍പ്പെടെ ഇവ നിര്‍മ്മിക്കുന്നതിന് പല നിര്‍മ്മാണവസ്തുക്കളും സാധ്യതകളും ആരാഞ്ഞതിനു ശേഷമാണ് ഒടുവില്‍ തടിയില്‍ നിര്‍മ്മിക്കുകയാണ് എന്ന പ്രായോഗികതയിലേയ്ക്ക് സംഘാടകസമിതി മാറിയത്. തച്ചുശാസ്ത്ര വിദഗ്ദ്ധനായ കോട്ടയം അമയന്നൂര്‍ സ്വദേശി ജയനാണ് അമരവും അണിയവും പണിത് നല്‍കിയത്. ബോട്ട് കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം അളവുകളും തടിയുടെ ഭാരവുമെല്ലാം ക്രമീകരിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും യു.കെയിലെത്തിച്ചേര്ന്ന ഇവ റിസ്ക്ക് അസ്സസ്സ്മെന്റ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ പാസ്സായി കഴിഞ്ഞാല്‍ മാത്രമേ വള്ളങ്ങളില്‍ ഘടിപ്പിക്കുന്നതിന് അനുവാദം ലഭിക്കുകയുള്ളൂ. ഇതിനായിയുള്ള അപേക്ഷ നല്കി കാത്തിരിക്കുകയാണ് സംഘാടകസമിതി. വെള്ളിയാഴ്ച്ചയോടെ അനുവാദം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഓരോ തുഴക്കുമൊപ്പം മത്സരത്തിന്റെ ആവേശം നിലനിര്‍ത്തുവാന്‍ ആദ്യാവസാനം ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടാകുന്നതാണ്. പൂരത്തിന്റെ നാട്ടില്‍ നിന്നുമെത്തിയ യുകെയിലെ പ്രമുഖ ചെണ്ടമേള വിദഗ്ധന്‍ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളമാണ് പ്രഥമ വള്ളം കളി മത്സരത്തിന് ശബ്ദ സൗന്ദര്യം നല്‍കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാധേഷിന് ബ്രിട്ടനിലും കേരളത്തിലും ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. തന്റെ തന്നെ ശിഷ്യന്മാരായ മാഞ്ചസ്റ്റര്‍ മേളം, റിഥം വാറിംഗ്ട്ടണ്‍, ബോള്ട്ടന് ബീറ്റ്സ് എന്നീ ടീമുകളിലെ 36 അംഗങ്ങളാണ് ഇംഗ്ലണ്ടിലെ വേമ്പനാട്ടു കായലില്‍ എത്തിച്ചേരുക. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെണ്ടമേളം പരമാവധി ഭംഗിയാക്കാനുള്ള പരിശീലനങ്ങളാണ് നടന്നു വരുന്നതെന്ന് ടീം കോര്‍ഡിനേറ്ററും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പ്രസിഡന്റുമായ ഷിജോ വര്‍ഗീസ് അറിയിച്ചു.
രഞ്ജിത്ത് ഗണേഷിന്റെ നേതൃത്വത്തില്‍ യുകെയിലെ പ്രമുഖ മലയാളീ ഗായകരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ആരംഭ ഗാനം മലയാളി മനസ്സുകളില്‍ ഗൃഹാതുരത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുമെന്നതില് സംശയമില്ല. യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന കേരളീയ കലാ രൂപങ്ങളുടെ നടന വിസ്മയം വേദിയില്‍ അരങ്ങേറുമ്പോള്‍ പൂരക്കാഴ്ചക്ക് പൂര്‍ണ്ണതയാകും. കേരളീയ കലാരൂപങ്ങളായ കഥകളിയും നൃത്ത നൃത്യങ്ങളും യുകെയിലെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും യുക്മയൊരുക്കുന്ന വള്ളം കളിക്കും കേരളാ കാര്‍ണിവലിനും ദൃശ്യ ചാരുത പകരും.
യുക്മയുടെ സന്തത സഹചാരിയായ ജെയ്സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന കലാ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള അതിവിപുലമായ സ്ഥിരം പ്ലേ ഏരിയായ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാര്‍ണിവലും ഉണ്ടായിരിക്കുന്നതാണ്. മിഡ്?ലാന്റ്സിലെ പ്രമുഖ കിഡ്സ് എന്റര്ടെയിന്റ്മെന്റ് കമ്പനിയായ ആപ്പിള്ടണ്സ് ഫണ്‍ ഫെയര്‍ എന്ന കമ്പനിയാണ് ഇത് നടത്തുന്നതിന്. ഈ റൈഡുകള്‍ക്ക് മിതമായ നിരക്ക് ഈടാക്കുന്നതായിരിക്കും.
സ്പോണ്‍സര്‍മാരെ കൂടാതെ മറ്റുള്ളവര്‍ക്കും കാര്‍ണിവല്‍ പാര്‍ക്കില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. സ്റ്റാളുകള്‍ നടത്തുന്നതിന് താത്പര്യമുള്ളവര്‍ക്ക് ഇനിയും സമീപിക്കാവുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്മാന്): 07885467034, റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല