സ്വന്തം ലേഖകന്‍: പിയു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് പി.യു ചിത്ര. എന്നാല്‍ യോഗ്യതയില്ലെന്ന് ആരോപിച്ച് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കുകയായിരുന്നു.
പി.ടി ഉഷ ഉള്‍പ്പെട്ട സമിതിയാണ് ചിത്രയെ ഒഴിവാക്കിയത്. ഇത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എസി മൊയ്തീനും വിഷയത്തില്‍ ഇടപെട്ടിരുന്നു. എംബി രാജേഷ് എംപിയും വിഷയത്തില്‍ ഇടപെട്ടു. അതേസമയം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള താരങ്ങളെ തെരഞ്ഞെടുത്ത കമ്മറ്റിയില്‍ താന്‍ ആരുമല്ലായിരുന്നു എന്നാണ് ഉഷയുടെ വാദം.
ഹൈക്കോടതി വിധി അനുകൂലമായെങ്കിലും രാജ്യാന്തര ഫെഡറേഷന് (ഐ.എ.എ.എഫ്) നിശ്ചയിച്ച തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയോ വൈകി നിര്‍ദേശിക്കുന്ന അത്ലറ്റിനെ ഉള്‍പ്പെടുത്തുകയോ ചെയ്യാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗസ്റ്റ് നാലു മുതല്‍ 13 വരെ നടക്കുന്ന ലോകമീറ്റിനുള്ള താരങ്ങളുടെ എന്‍ട്രി ലിസ്റ്റും സമര്‍പ്പിക്കാനുള്ള അവസാന തീയതി 24ന് അവസാനിച്ചു.
ചാമ്പ്യന്‍ഷിപ്പിനുള്ള 24 അംഗ ഇന്ത്യന്‍ ടീം പല സംഘങ്ങളായി ലണ്ടനിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. സര്‍ക്കാറും ഇന്ത്യന്‍ ഫെഡറേഷനും സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ലോക ഫെഡറേഷന് ടീമില്‍ ഇടം ലഭിക്കാന്‍ ചിത്രയ്ക്ക് നേരിയ സാധ്യതയെങ്കിലുമുള്ളൂ. എന്നാല്‍ ഇതിനായി ആദ്യം ഫെഡറേഷന് തങ്ങള്‍ക്ക് തെറ്റു പറ്റിയതായി സമ്മതിക്കേണ്ടതുണ്ട്. ആഗസ്റ്റ് ഏഴിനാണ് ചിത്ര മത്സരിക്കേണ്ട 1500 മീറ്റര്‍ പോരാട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല