സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി സൈന്യം തകര്‍ത്തു, ആക്രമണത്തിനു പിന്നില്‍ യെമനിലെ ഹൂഥി വിമതരെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് മക്കയിലെ വിശുദ്ധ ഭവനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം ഉണ്ടായത്. ഹറം പള്ളി തകര്‍ക്കാനായിരുന്നു നീക്കമെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു.
മക്കയിലേക്ക് എത്തുന്നതിന് 60 കിലോമീറ്റര്‍ അകലെ വച്ചാണ് സൈന്യം മിസൈല്‍ തകര്‍ത്തത്. കഴിഞ്ഞ ഒക്ടോബറിലും സമാനമായ ആക്രമണമുണ്ടായിരുന്നു. ഇറാനാണ് സംഭവത്തിന് പിന്നിലെന്നും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം അവതാളത്തിലാക്കുകയാണ് ലക്ഷ്യമെന്നും സൗദി ഭരണകൂടം ആരോപിച്ചു. യെമനിലെ ഹൂഥി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദിയുടെ ആരോപണം.
ശിയാ വിഭാഗക്കാരായ ഹൂഥികള്‍ക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്. ഇറാന്‍ നല്‍കുന്ന മിസൈല്‍ ഉപയോഗിച്ചാണ് ഹൂഥികള്‍ക്ക് മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മക്കയുടെ തെക്ക് ഭാഗത്തുള്ള ത്വാഇഫില്‍ വച്ചാണ് സൈന്യം മിസൈല്‍ തകര്‍ത്തത്. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നതിലുള്ള പ്രതികാരമാണ് ഹൂഥികളുടെ മിസൈല്‍ ആക്രമണമെന്ന് കരുതുന്നു. അടുത്ത മാസം അവസാനത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.
20 ലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ഹജ്ജ് കര്‍മങ്ങള്‍ക്ക് വേണ്ടി മക്കയില്‍ എത്തുക. ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ എത്തിത്തുടങ്ങി. ഈ വേളയിലാണ് മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയത് സ്ഥിരീകരിച്ച ഹൂഥികള്‍ എന്നാല്‍ കഅ്ബയെ ലക്ഷ്യമിട്ടായിരുന്നില്ല തങ്ങളുടെ ആക്രമണമെന്നും ത്വാഇഫിലെ കിങ് ഫഹദ് താവളമായിരുന്നു തങ്ങളുടെ ലക്ഷ്യസ്ഥാനമെന്നും വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യം തള്ളിയ സൗദി അക്രമികളുടെ ലക്ഷ്യം മക്കയായിരുന്നുവെന്നും വ്യക്തമാക്കി. യമനിലെ ഹുദൈദ തുറമുഖം വഴി ഹൂഥികള്‍ക്ക് മിസൈല്‍ വിദേശത്ത് നിന്നു എത്തുന്നുണ്ടെന്ന് സൗദി ആരോപിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നിരോധനം ലംഘിച്ചാണ് ഈ ആയുധ കടത്തെന്നും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു. 2015 ലാണ് സൗദി സഖ്യസേന യെമനില്‍ പ്രവേശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല