സ്വന്തം ലേഖകന്‍: പി.യു. ചിത്രയ്ക്കു മുന്നില്‍ ലണ്ടന്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിന്റെ വാതിലുകള്‍ തുറന്നില്ല, അപേക്ഷ തള്ളി രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്. വെള്ളിയാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അപേക്ഷ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന് (ഐ.എ.എ.എഫ്.) തള്ളി. എന്‍ട്രി സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഐ.എ.എ.എഫ് അറിയിച്ചു.
ചിത്രയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ഫെഡറേഷന്. കേരളാ ഹൈക്കോടതിയുടെയും കേന്ദ്ര കായിക മന്ത്രിയുടെയും സമ്മര്‍ദത്തെത്തുടര്‍ന്നു ശനിയാഴ്ചയാണ് അത്ലറ്റിക്സ് ഫെഡറേഷന് അപേക്ഷ നല്‍കിയത്. ഐ.എ.എ.എഫിന്റെ തീരുമാനം അന്തിമമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും അത്ലറ്റിക്സ് ഫെഡറേഷന് വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ചിത്ര വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെട്ടത്.
ചിത്രയെ ലണ്ടനിലേക്ക് അയയ്ക്കണമെന്നു ഹൈക്കോടതി ഫെഡറേഷനോടു നിര്‍ദേശിച്ചിരുന്നു. കോടതി വിധി മാനിക്കണമെന്നും ചിത്രയ്ക്കു വേണ്ടി ഐ.എ.എ.എഫിന് കത്തയയ്ക്കണമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയതോടെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ ലോക ചാമ്പ്യന്‍ഷിപ്പിന് നേരിട്ടു യോഗ്യത നേടിയെന്നായിരുന്നു ചിത്രയുടെ വാദം. അത്ലറ്റിക്സ് ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ സുതാര്യമല്ലെന്നും യോഗ്യതയുള്ള താരങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ ലോക ചാമ്പ്യന്‍ഷിപ്പിനു നേരിട്ടു യോഗ്യത നേടുമെങ്കിലും ഫെഡറേഷനുകള്‍ക്കു വിവേചനാധികാരം ഉപയോഗിക്കാമെന്ന് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രയുടെ ഭുവനേശ്വറിലെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല എന്നായിരുന്നു ടീമിലേക്കു പരിഗണിക്കാതിരിക്കാന്‍ അത്ലറ്റിക്സ് ഫെഡറേഷന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഓഗസ്റ്റ് നാല് മുതല്‍ 13 വരെ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി 24 താരങ്ങളാണു മത്സരിക്കുന്നത്. ഇതില്‍ മിക്കവരും ലണ്ടനില്‍ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. പിടി ഉഷ, അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അത്ലറ്റിക് ഫെഡറേഷന് സെലക്ഷന് സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല