സ്വന്തം ലേഖകന്‍: ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി സഖ്യ രാജ്യങ്ങളിലൂടെ അടിയന്തര വ്യോമപാത അനുവദിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ഖത്തര്‍. സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തള്ളിക്കളഞ്ഞു. സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങളില്‍ ഖത്തറി വിമാനങ്ങള്‍ക്ക് അടിയന്തര വ്യോമ പാത അനുവദിച്ചിട്ടുണ്ടെന്നാണ് സൗദി പ്രസ് ഏജന്‍സി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റിയും മന്ത്രാലയവും വ്യക്തമാക്കി. സൗദിസഖ്യം ഇതുവരെയും വ്യോമപാത അനുവദിച്ചത് സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. സൗദി സഖ്യം ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. നാല് അറബ് രാജ്യങ്ങളും ഖത്തറി വിമാനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് സൗദി ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഏജന്‍സി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെയുള്ള ഒരു അന്താരാഷ്ട്ര വ്യോമപാത ഉള്‍പ്പെടെ ഒമ്പത് വ്യോമപാതകളാണ് നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ അടിയന്തര വ്യോമപാത തുറക്കുമെന്നും ഈജിപ്ഷ്യന്‍ അതോറിറ്റിയാകും ഇവ നിരീക്ഷിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച ഒരു പ്രഖ്യാപനവും വന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും ഖത്തര്‍ വാര്‍ത്താ വിനിമയ മന്ത്രാലയം സൗദി അധികൃതരോട് ആവശ്യപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല