സ്വന്തം ലേഖകന്‍: 2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്, ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂനിയന്‍ പൗരന്മാര്ക്ക് ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് വ്യക്തമാക്കി.
ബ്രെക്സിറ്റ് നടപടിക്രമങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ വക്താവിന്റെ പ്രസ്താവന. 2019ല്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍നിന്നുള്ളവരുടെ സ്വതന്ത്ര സഞ്ചാര അവകാശം നിര്‍ത്തലാക്കുമെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡന്‍ ലൂയിസിന്റെ നിലപാട്.
എന്നാല്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡും പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന് അംഗത്വം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മന്ത്രിസഭയില്‍ തുടരുന്ന അഭിപ്രായ വ്യത്യാസം പ്രകടമായി പുറത്തുവരികയും ചെയ്തു. ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ 2019ല്‍ പൂര്‍ത്തിയായാലും 2022 വരെ സ്വതന്ത്ര സഞ്ചാര അനുമതി തുടരാമെന്നാണ് യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന ചര്‍ച്ചയില്‍ ബ്രിട്ടന് അറിയിച്ചിരിക്കുന്നത്.
നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാര് എന്തൊക്കെയാണ് ചെയ്യുന്നത് എന്നു വിശദമായി അറിയാന്‍ സര്‍വേ നടത്താമെന്ന നിര്‍ദേശവും റൂഡ് മുന്നോട്ടു വയ്ക്കുന്നു. ബ്രിട്ടന് അന്താരാഷ്ട്ര പ്രതിഭകളുടെ ഹബ്വായി തുടരുന്നു എന്ന് ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ബ്രെഅക്സിറ്റിനു ശേഷം ബ്രിട്ടന് കുടിയേറ്റ നയം കൂടുതല്‍ കര്‍ശനമാക്കും എന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസമെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല